Mathrubhumi
Go to Articles Home
03 Aug 2014 ഞായറാഴ്ച
കാഴ്ചയ്ക്കപ്പുറം
ടി.വി.ആര്‍.ഷേണായ്‌
ആര്‍ക്കൈവ്‌സ്

പ്രതിപക്ഷശൂന്യം




കോണ്‍ഗ്രസ്സിനെ പാടേ നിലംപരിശാക്കാന്‍ ശക്തിയുള്ള തെളിവുകളുടെ കൂമ്പാരം ഇതിനകം മോദിസര്‍ക്കാറിന് ലഭിച്ചുകഴിഞ്ഞിട്ടുണ്ട്


''ആരാകും ലോക്‌സഭയില്‍ പ്രതിപക്ഷനേതാവ്?'' സോണിയാഗാന്ധിയും 'രാജകുമാരനും' ഒരേ ശബ്ദത്തില്‍ ചോദിക്കുന്നു.
നരേന്ദ്രമോദിയുടെ ചോദ്യം മറ്റൊന്നാണ് ''ആരാകണം പ്രതിപക്ഷം?''
2014 മെയ് 16 രാവിലെ 9.30 വരെ പ്രതിപക്ഷം ആരായിരിക്കുമെന്ന കാര്യത്തില്‍ ബി.ജെ.പി.ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. അത് കോണ്‍ഗ്രസ് തന്നെയായിരുന്നു. അരവിന്ദ് കെജ്രിവാളും അദ്ദേഹത്തിന്റെ ആം ആദ്മി പാര്‍ട്ടിയും ഉന്നയിച്ച അവകാശവാദങ്ങളില്‍ ബി.ജെ.പി.യുടെ മുതിര്‍ന്ന നേതൃത്വത്തിന്റെ ശ്രദ്ധതിരിഞ്ഞില്ല (അവര്‍ മാധ്യമങ്ങളിലുള്ളവരെപ്പോലെയായിരുന്നില്ല). അവര്‍ മുഖവിലയ്‌ക്കെടുത്തത് നരേന്ദ്രമോദിയെയും രാഹുല്‍ ഗാന്ധിയെയുമായിരുന്നു (സ്വന്തം പാര്‍ട്ടികളുടെ മുഖങ്ങള്‍ തന്നെയായിരുന്നു അവര്‍).

എന്നാല്‍, കോണ്‍ഗ്രസ്സിനേറ്റ വന്‍തകര്‍ച്ച എല്ലാവരെയും അമ്പരപ്പിച്ചു. രാഷ്ട്രീയകക്ഷികളും കോര്‍പ്പറേറ്റ് താത്പര്യക്കാരും സംഘടിപ്പിച്ച ഒട്ടേറെ സര്‍വേകള്‍ രഹസ്യമായി പരിശോധിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിരുന്നു. കോണ്‍ഗ്രസ്സിന് ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടം സംഭവിക്കാമെന്നാണ് എല്ലാ സര്‍വേകളും പ്രവചിച്ചത്. അതില്‍ ഏറ്റവും കുറഞ്ഞ സീറ്റ് പ്രവചനം കോണ്‍ഗ്രസ് 72 സീറ്റുകളിലൊതുങ്ങുമെന്നായിരുന്നു. എന്നാല്‍, വോട്ടര്‍മാര്‍ യഥാര്‍ഥത്തില്‍ അവര്‍ക്ക് 44 സീറ്റ് മാത്രമേ നല്‍കാന്‍ പോകുന്നുള്ളൂവെന്നത് ആരുടെയെങ്കിലും വന്യമായ സ്വപ്നങ്ങളില്‍പ്പോലുമുണ്ടായിരുന്നില്ല.
ഈ സാഹചര്യം പ്രധാനമന്ത്രിക്കുമുന്നില്‍ ചെറിയൊരു വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
സുപ്രധാനമായ മറ്റ് ഒട്ടേറെ അവസ്ഥകള്‍ അദ്ദേഹത്തിന് അഭിമുഖീകരിക്കാനുള്ളതിനാലാണ് ഇവിടെ ചെറിയ വെല്ലുവിളിയെന്ന് പറഞ്ഞത്. ഇപ്പോള്‍ പാര്‍ലമെന്റിലെ ട്രഷറി ബെഞ്ചിലിരിക്കുന്നവര്‍ക്ക് ലഭിച്ചത് കാലിയായ ട്രഷറിയാണെന്നതാണ് യാഥാര്‍ഥ്യം, മന്‍മോഹന്‍ സര്‍ക്കാറിന്റെ ഒരു ദശാബ്ദം നീണ്ട ഭരണത്തിന്റെ അനന്തരഫലമാണ് അത്. 'സാമ്പത്തികവിശാരദനായ' പ്രധാനമന്ത്രി എല്ലായ്‌പ്പോഴും ഒരു പഴമൊഴി ആവര്‍ത്തിച്ചിരുന്നു ''പണം മരത്തില്‍ കായ്ക്കാന്‍ പോകുന്നില്ല''. എന്നാല്‍, പണം ഓവുചാലില്‍ വളരുന്ന കളകളാണെന്ന മട്ടിലാണ് അദ്ദേഹം എടുത്തുചെലവാക്കിയത്. മന്ത്രിമാര്‍ പ്രതികാരബുദ്ധിയോടെ നികുതിചുമത്തി, കൈയും
കണക്കുമില്ലാതെ കടമെടുത്തു, ബില്ലടയ്‌ക്കേണ്ട ബാധ്യത (പ്രത്യേകിച്ച് ഭക്ഷ്യസുരക്ഷാ നിയമം) അടുത്ത സര്‍ക്കാറുകളുടെ തോളില്‍ ചാരി.
രാജ്യത്തെ സമ്പദ്വ്യവസ്ഥ പരിതാപകരമായ അവസ്ഥയിലാണ്. അതോടൊപ്പം ആഗോള സാമ്പത്തിക പ്രതിസന്ധി കടുത്ത ആശങ്കയുമുയര്‍ത്തുന്നു.
സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുക, പരസ്​പരം പോരടിക്കുന്ന ശക്തികളുമായി ജാലവിദ്യയിലെന്നപോലെ ബന്ധം നിലനിര്‍ത്തുക തുടങ്ങിയ വിഷയങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ആര് പ്രതിപക്ഷമാകണമെന്ന വിഷയം താരതമ്യേന ചെറുതാണ്. അത് ഭാരതീയ ജനതാപാര്‍ട്ടിയുടെ ഭാവിയുമായി ബന്ധപ്പെട്ടതുകൂടിയാണ്.
അവസാനം പറഞ്ഞത് കൂടുതല്‍ വിശദീകരണം അര്‍ഹിക്കുന്നു. കഴിഞ്ഞ ഒരു ദശകക്കാലത്ത് കോണ്‍ഗ്രസ് ധാര്‍ഷ്ട്യത്തോടെയാണ് പ്രവര്‍ത്തിച്ചത് പണത്തിനുവേണ്ടി എന്തുംചെയ്യുന്ന അവസ്ഥയായി. സത്യംപറഞ്ഞാല്‍ പാര്‍ട്ടി വിവേകശൂന്യതയുടെ പ്രതിരൂപമായിത്തീര്‍ന്നു. അതാണ് പുനഃസംഘടിപ്പിക്കാമെന്ന പ്രതീക്ഷപോലും നശിച്ച തലത്തിലേക്ക് കോണ്‍ഗ്രസ്സിനെ എത്തിച്ചത്. അതിന് തെളിവായി കോണ്‍ഗ്രസ് െ്രെപവറ്റ് ലിമിറ്റഡ് കമ്പനിയുടെ നിയന്ത്രണം കൈയാളുന്നവരുടെ ചെയ്തികള്‍ മാത്രമല്ല, ഒട്ടേറെ ചെറുകിട ഓഹരിയുടമകളുടെ പ്രവര്‍ത്തനവും എടുത്തുകാട്ടാനാവും.
കോണ്‍ഗ്രസ് ഭരണകാലത്ത് റോബര്‍ട്ട് വദ്രയുടെ ഇടപാടുകള്‍ ചോദ്യംചെയ്യപ്പെടാനാവില്ലായിരുന്നു. ഇന്ന് സംശയത്തിന്റെ സൂചിമുന മരുമകനില്‍ മാത്രമല്ല, അദ്ദേഹത്തിന്റെ അമ്മായിഅമ്മയിലേക്കും അളിയനിലേക്കും നീളുന്നു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ ഡോ. സുബ്രഹ്മണ്യന്‍ സ്വാമി കേസുനടത്താന്‍ തുടങ്ങിയിട്ട് കാലമേറെയായി. കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ അതൊരിക്കലും വാര്‍ത്താശീര്‍ഷകങ്ങളായില്ല. എന്നാലിന്ന് എല്ലാവരും അതിനെക്കുറിച്ച് സംസാരിക്കുന്നു. തങ്ങളുടെ നടപടികള്‍ വിശദീകരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷയെയും ഉപാധ്യക്ഷനെയും കോടതി നേരിട്ട് വിളിപ്പിച്ചിരിക്കുകയാണ്.
എല്ലാവരും ആദരവോടെ വഴങ്ങിക്കൊടുക്കുന്ന പതിവുരീതി, നെഹ്രുഗാന്ധി കുടുംബക്കാര്‍ക്കും പാര്‍ട്ടിയില്‍ അവരുടെ പരിചാരകര്‍ക്കും ഒരു ശീലമായിപ്പോയി. അമേരിക്കന്‍ ഫലിതസാമ്രാട്ടായ പീറ്റര്‍ ഡുണെ 1901ല്‍ പരിഹാസത്തോടെ എഴുതിയതാണ് ഇവിടെ ഓര്‍മവരുന്നത്: 'അന്തിമമായി തിരഞ്ഞെടുപ്പ് ഫലത്തെയാണ് സുപ്രീംകോടതിയും പിന്തുടരുന്നത്.'
ജീര്‍ണത കോണ്‍ഗ്രസ്സിലെ പ്രഥമകുടുംബത്തിനുമപ്പുറത്തേക്ക് വളര്‍ന്നുവെന്ന കാര്യം മനസ്സില്‍ വെക്കുക.
ഏപ്രില്‍ 18ന് തിരഞ്ഞെടുപ്പ് പ്രചാരണം തുടരുന്നതിനിടയിലാണ് ആദ്യഘട്ട വോട്ടെടുപ്പിനെക്കുറിച്ചുള്ള ആഭ്യന്തരസര്‍വേകളുടെ ഫലം പുറത്തുവന്നത്. ബി.ജെ.പി. തൂത്തുവാരുമെന്നായിരുന്നു പ്രവചനം. ഉത്തര്‍പ്രദേശിലെ കാണ്‍പുരിനടുത്ത് അക്ബര്‍പുരിലായിരുന്നു അന്ന് നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് റാലി. ഇറച്ചികയറ്റുമതിക്കാരനും ഹവാലാ പണമിടപാടുകാരനുമായ മോയിന്‍ ഖുറേഷിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് നികുതി അധികൃതര്‍ നടത്തുന്ന അന്വേഷണം മോദിയുടെ പ്രസംഗത്തില്‍ കടന്നുവന്നു. സത്യം പുറത്തുവരേണ്ടേയെന്നാണ് ബി.ജെ.പി.യുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി ചോദിച്ചത്.
പ്രചാരണത്തിനിടയില്‍ മോദി ഖുറേഷിയുടെ പേര് പരാമര്‍ശിച്ചത് അവസാനത്തേതാകാനിടയില്ല. ഖുറേഷിയുടെ ബന്ധങ്ങള്‍ അതിവിശാലമാണെന്നാണ് റിപ്പോര്‍ട്ട്. മറ്റ് പലതിനുമൊപ്പം അദ്ദേഹം ഡൂണ്‍ സ്‌കൂള്‍ ഓള്‍ഡ് ബോയ്‌സ് സൊസൈറ്റിയുടെ പ്രസിഡന്റുമായിരുന്നു, കഴിഞ്ഞ മെയ് മാസം വരെ. നികുതി അധികൃതര്‍ ഫിബ്രവരി 18ന് തുടങ്ങിയ തുടര്‍ച്ചയായ റെയ്ഡുകള്‍ മെയ് 13നാണ് അവസാനിച്ചത്. 500 മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള ടേപ്പുകള്‍ ഇപ്പോള്‍ അന്വേഷണോദ്യോഗസ്ഥരുടെ പക്കലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മന്‍മോഹന്‍സര്‍ക്കാറിലെ മന്ത്രിമാരും കോണ്‍ഗ്രസ്സിലെ മറ്റ് ഉന്നതരുമൊക്കെ ആ ടേപ്പിലെ സംഭാഷണങ്ങളില്‍ ഉള്‍പ്പെടുന്നുണ്ടെന്നും അറിയുന്നു.
പഴമൊഴിയില്‍ പറയുന്ന മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് നാഷണല്‍ ഹെറാള്‍ഡ് കേസും മോയിന്‍ ഖുറേഷി അഴിമതിക്കഥയുമൊക്കെ. കോണ്‍ഗ്രസ്സിനെ പാടേ നിലംപരിശാക്കാന്‍ ശക്തിയുള്ള തെളിവുകളുടെ കൂമ്പാരം ഇതിനകം മോദിസര്‍ക്കാറിന് ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. നെഹ്രുഗാന്ധി കുടുംബത്തെ മാത്രമല്ല, സംഘടനയുടെ മുഴുവന്‍ നേതൃത്വത്തെയും ശിഥിലമാക്കാന്‍ പര്യാപ്തമാണ് അവ.
എന്നാല്‍, അതെടുത്ത് പ്രയോഗിക്കാന്‍ ബി.ജെ.പി. തയ്യാറാകുമോ?
എന്‍.ഡി.എ. സര്‍ക്കാറിന് താങ്ങാന്‍ കഴിയുന്ന ഏറ്റവും നല്ല പ്രതിപക്ഷം കോണ്‍ഗ്രസ് തന്നെയാണെന്ന സിദ്ധാന്തം ബി.ജെ.പി. വൃത്തങ്ങളില്‍ത്തന്നെ പ്രചരിക്കുന്നുണ്ട്. നരേന്ദ്രമോദി മന്ത്രിസഭയ്ക്ക് എന്തെങ്കിലും പ്രശ്‌നം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ്സിന് കഴിയുമെന്ന് തോന്നുന്നില്ല, അത്രമാത്രം ശോഷിച്ചുപോയി അവര്‍. എന്നാല്‍, ബി.ജെ.പി. വിരുദ്ധശക്തികളുടെ ഇടം പിടിച്ചെടുക്കുന്നതില്‍ മറ്റാരേക്കാളും ശക്തരാണ് അവര്‍.
യഥാര്‍ഥ ദേശീയപാര്‍ട്ടിയെന്ന നില കൈവരിക്കാന്‍ ബി.ജെ.പി.ക്ക്് പ്രാദേശിക ഗ്രൂപ്പുകളെ ദുര്‍ബലമാക്കിയേ മതിയാവുകയുള്ളൂ, ഇന്നല്ലെങ്കില്‍ നാളെ. ആലോചിച്ചു നോക്കിയാല്‍ ആംആദ്മി പാര്‍ട്ടി പോലും ഒരു പ്രാദേശിക കൂട്ടായ്മയാണ്. ഡല്‍ഹിഹരിയാണപഞ്ചാബ് ബെല്‍റ്റിലാണ് അവര്‍ക്ക് സ്വാധീനം. ഈ മേഖല മൊത്തം തിരഞ്ഞെടുത്തയയ്ക്കുന്നത് 31 ലോക്‌സഭാ എം.പി.മാരെയാണ്. പശ്ചിമബംഗാളിനെയോ തമിഴ്‌നാടിനെയോ അപേക്ഷിച്ച് വളരെ കുറവാണത് (കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് യഥാര്‍ഥത്തില്‍ നേടാനായത് നാല് സീറ്റു മാത്രമാണെന്നത് വേറെ കാര്യം).
ബി.ജെ.പി.ക്ക് ദേശീയതലത്തില്‍ എല്ലായിടത്തും വേരുറപ്പിക്കാന്‍ കഴിയുന്നതിന് മുമ്പ് കോണ്‍ഗ്രസ്സിനെ പാടേ തകര്‍ത്തെറിയുന്നത് വിപരീതഫലമായിരിക്കും സൃഷ്ടിക്കുക. അതായത് പരമ്പരാഗത കോണ്‍ഗ്രസ് വോട്ടുബാങ്കുകള്‍ ബി.ജെ.പി. ഇതര പാര്‍ട്ടികള്‍ക്ക് അനുകൂലമായിത്തീരും. കോണ്‍ഗ്രസ് വിജയകരമായ പ്രതിപക്ഷമാണെന്ന തരത്തില്‍ പ്രതീതി സൃഷ്ടിച്ചെടുക്കുകയാണ് ബുദ്ധിയെന്ന് ബി.ജെ.പി.യിലെ നയരൂപവത്കരണസമിതികളിലൊന്ന് കരുതുന്നു.
ആദ്യം പറഞ്ഞതുപോലെ കോണ്‍ഗ്രസ് എന്ന പ്രതിപക്ഷം നരേന്ദ്രമോദി മന്ത്രിസഭയ്ക്ക് താരതമ്യേന ചെറിയ പ്രശ്‌നമേ സൃഷ്ടിക്കാനിടയുള്ളൂ. എന്നാല്‍, ആരാകണം പ്രതിപക്ഷം എന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്നത് ബി.ജെ.പി.യുടെ ഭാവിപ്രയാണത്തില്‍ നിര്‍ണായകമായിത്തീരും.
» MORE STORIES