മലയാളത്തിന്റെ പ്രിയങ്ക

posted on:

14 Jan 2009

വെയില്‍പ്പൊണ്ണ് പ്രിയങ്ക കാത്തിരിക്കുകയാണ്. തമിഴിലെ വെയില്‍ പോലെ അഭിനയ പ്രാധാന്യമുള്ള മലയാളചിത്രത്തിനു വേണ്ടി. ആ അന്വേഷണത്തിനിടയില്‍ തമിഴ്, കന്നട ചിത്രങ്ങള്‍ ഈ താരത്തെ ആകര്‍ഷിക്കുന്നതെന്താണ്? പ്രിയങ്ക പറയുന്നു

''പത്ത് പടങ്ങളില്‍ അഭിനയിക്കുന്നതിനെക്കാള്‍ 5 നല്ല പടങ്ങളില്‍ അഭിനയിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സമസ്ത കേരളം പി.ഒ. എന്ന ചിത്രത്തില്‍ 'വിജയിച്ച' കൂട്ടുകെട്ടിനൊപ്പമാണ് ഞാന്‍ വര്‍ക്ക് ചെയ്യുന്നത്. 80കളില്‍ തിയേറ്ററില്‍ എത്തിയ പ്രാദേശികവാര്‍ത്തകള്‍, മഴവില്‍ക്കാവടി എന്നീ ചിത്രങ്ങളുടെ ചുവടുപിടിച്ചുവരുന്ന നല്ല ചിത്രമായിരിക്കും സമസ്തകേരളം പി.ഒ. കേരളത്തില്‍ അന്യം വന്നുകൊണ്ടിരിക്കുന്ന നാട്ടിന്‍പുറത്തിന്റെ എല്ലാ നന്മകളും ഈ ചിത്രത്തില്‍ ഉണ്ട്.

പ്രായത്തില്‍ കവിഞ്ഞ പക്വതയുള്ള രാധ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ എനിക്ക് കിട്ടിയത്. കഷ്ടപ്പെട്ട് കുടുംബം നോക്കുന്ന പെണ്‍കുട്ടി. ജയറാമേട്ടന്‍ നായകനാകുന്ന ഈ ചിത്രത്തിലൂടെ കൊമേഴ്‌സ്യല്‍ ചിത്രത്തിലേക്ക് നല്ല എന്‍ട്രി കിട്ടിയതിന്റെ സന്തോഷം ഉണ്ട്.''

പ്രിയങ്ക അഭിനയിച്ച രണ്ട് ചിത്രങ്ങള്‍ റിലീസ് ചെയ്യാനിരിക്കുന്നില്ലേ?

അതെ. രണ്ടും ടി.വി. ചന്ദ്രന്‍ സാറിന്റെ ചിത്രങ്ങള്‍ തന്നെ. ഭൂമി മലയാളം, വിലാപങ്ങള്‍ക്കപ്പുറത്ത് എന്നിവയാണ് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങള്‍. വിലാപങ്ങള്‍ക്കപ്പുറത്ത് എന്ന ചിത്രത്തില്‍ ഏറെ അഭിനയപ്രാധാന്യമുള്ള കഥാപാത്രത്തെയാണ് കിട്ടിയത്. ഗുജറാത്ത് കലാപത്തില്‍ ബന്ധുക്കളെല്ലാം നഷ്ടപ്പെട്ട് കേരളത്തിലെത്തുന്ന സാഹിറ എന്ന പെണ്‍കുട്ടി. ഇന്ത്യയിലെ സ്ത്രീകള്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങളാണ് ഈ കഥാപാത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഈ ചിത്രം മലയാളസിനിമയില്‍ ഒരു നടിയെന്ന നിലയില്‍ എനിക്ക് നല്ല സ്ഥാനം ഉറപ്പിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

ഭൂമി മലയാളത്തില്‍ ലോങ്ജമ്പറായ ആനി എന്ന കഥാപാത്രം. ജീവിതത്തോട് പടവെട്ടി ജയിക്കുന്ന ഒരു നാട്ടിന്‍പുറത്തുകാരിയുടെ ജീവിതസമരം ചേര്‍ന്ന കഥാപാത്രമാണിത്. ടി.വി. ചന്ദ്രന്‍ സാര്‍ കരുത്തുറ്റ കഥാപാത്രങ്ങളെയാണ് രണ്ട് ചിത്രത്തിലും എനിക്ക് തന്നത്.

മലയാളത്തില്‍ പ്രിയങ്ക സെലക്ടീവാണോ?

നല്ല കഥാപാത്രങ്ങള്‍ മലയാളത്തില്‍ നിന്ന് വരുന്നുണ്ട്. അതുപോലെ അന്യഭാഷകളിലും നിന്നു വരുമ്പോള്‍ നമ്മള്‍ സെലക്ടീവാകുകയാണ്. നല്ല നടി എന്ന പേര് കിട്ടാനുള്ള അതിയായ ആഗ്രഹമാണ് ഇപ്പോള്‍ എന്നെ നയിക്കുന്നത്.

എന്നാലും പ്രിയങ്കയെ മലയാളം ഉപയോഗപ്പെടുത്തിയില്ല എന്ന് തോന്നിയില്ലേ?

മലയാളത്തില്‍ നിന്ന് പടങ്ങള്‍ വന്നില്ല എന്ന് ഞാന്‍ ഒരിക്കലും പറയില്ല. നല്ല പ്രോജക്ടുകള്‍ എന്നെ തേടി വന്നിരുന്നു. പക്ഷേ, എന്തോ ചില കാരണങ്ങളാല്‍ അത് മാറിപ്പോയി. പാരകൊണ്ടല്ല. ചില നല്ല അവസരങ്ങള്‍ വരുമ്പോള്‍ അന്യഭാഷാ ചിത്രങ്ങളില്‍ ഞാന്‍ പെട്ടുപോയിരിക്കും. അങ്ങനെ നല്ല ചിത്രങ്ങള്‍ ഉപേക്ഷിക്കേണ്ടിവന്നിട്ടുണ്ട്.

തമിഴില്‍ ഏത് ചിത്രത്തിലാണ് അഭിനയിക്കുന്നത്?

ജെ.പി. സംവിധാനം ചെയ്യുന്ന 'വാനം പാത്ത സീമയിലെ' എന്ന ചിത്രമാണ് പുതിയത്. മുല്ലൈയില്‍ അഭിനയിച്ച അശോകാണ് ഹീറോ. തമിഴില്‍ രണ്ട് ചിത്രങ്ങളില്‍ക്കൂടി ഞാന്‍ അഭിനയിക്കുന്നുണ്ട്. അതിന്റെ മറ്റ് കാര്യങ്ങളൊന്നും തീരുമാനിച്ചിട്ടില്ല.

വാനം പാത്ത സീമയിലെ കഥാപാത്രത്തെക്കുറിച്ച്?

ഗ്രാമത്തില്‍ ആടിനെ മേച്ചു നടക്കുന്ന വേലമ്മ എന്ന പെണ്‍കുട്ടി. നല്ല റലുവേ ഉള്ള കഥാപാത്രമാണിത്. അമ്മയില്ലാത്ത ഈ പെണ്‍കുട്ടിക്ക് മന്ദബുദ്ധിയായ അനുജനാണ് തുണ. പഠനം മുടങ്ങിയെങ്കിലും ഗ്രാമത്തിലെ വായനശാലയില്‍ വേലമ്മ നിത്യസന്ദര്‍ശകയാണ്. ഈ ചിത്രത്തിലും വിധിയോട് മല്ലടിക്കുന്ന കഥാപാത്രമാണ് എനിക്ക് കിട്ടിയത്. കാരൈക്കുടിയുടെ ഗ്രാമഭംഗിയാണ് 'വാനം പാത്ത സീമൈ' ചിത്രീകരിച്ചത്.

തമിഴ് സെറ്റിലെ വിശേഷങ്ങള്‍?

പിരമിഡ് സായ്മിറയാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്. നല്ല അച്ചടക്കമുള്ള സെറ്റായിരുന്നു. ചിത്രീകരണത്തിലെ 60 ദിവസം പോയതറിഞ്ഞില്ല. ശ്രീകാന്ത് ദേവയാണ് ചിത്രത്തിന്റെ സംഗീതം.

പ്രിയങ്ക കന്നട ചിത്രത്തിലും അഭിനയിക്കുന്നതായി കേട്ടു?

അതെ, ജിന്തകി എന്ന കന്നട പടം കഴിഞ്ഞവാരം റിലീസായി. രാജീവ് എന്ന യുവതാരമാണ് നായകന്‍.

തമിഴ്, മലയാളം, കന്നട ചിത്രങ്ങളില്‍ മാറിമാറി പറക്കുമ്പോള്‍ പ്രിയങ്കയെ ഏറെ ആകര്‍ഷിച്ച സിനിമാലോകം ഏതാണ്?

മൂന്ന് ഭാഷകളില്‍ എന്‍ട്രി കിട്ടിയതിന്റെ സന്തോഷമുണ്ട്. മൂന്ന് ഭാഷകളിലും സെലക്ട് ചെയ്ത് അഭിനയിക്കാനുള്ള അവസരം അങ്ങനെ കിട്ടിയിട്ടുണ്ട്. അത് പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമവുമുണ്ട്.

വെയിലിനു ശേഷം തമിഴില്‍ നിന്ന് നല്ല അവസരങ്ങള്‍ വരുന്നില്ലെന്ന് തോന്നിയിട്ടുണ്ടോ?

പത്ത് ചിത്രങ്ങള്‍കൊണ്ട് തീര്‍ക്കാന്‍ കഴിയുന്ന ഫെയിമാണ് വെയില്‍ എന്ന ഒറ്റ ചിത്രംകൊണ്ട് എനിക്ക് തമിഴില്‍ തീര്‍ക്കാന്‍ കഴിഞ്ഞത്. വെയിലിലെ ഉരുകിതേ, എന്ന പാട്ട് ഹിറ്റായി. അന്നും ഇന്നും ചാനലില്‍ ആ ഗാനം കാണുന്നുണ്ട്. ഞാന്‍ തുടര്‍ച്ചയായി അഭിനയിക്കുന്നില്ലെങ്കിലും തമിഴകത്തെ പ്രേക്ഷകര്‍ എന്നെ മറന്നിട്ടില്ല. എല്ലാവരുടേയും മനസ്സില്‍ അവരുടെ വീട്ടിലെ കുട്ടി എന്ന പദവിയാണ് എനിക്ക് കിട്ടിയിരിക്കുന്നത്.


തമിഴകത്തെ ആരാധകരുടെ സ്‌നേഹം അടുത്തറിഞ്ഞ മുഹൂര്‍ത്തങ്ങള്‍?

നിരവധി ഉണ്ട്. വെയില്‍ തിയേറ്ററില്‍ എത്തി കാലങ്ങള്‍ കഴിഞ്ഞിട്ടും ഗ്രാമങ്ങളില്‍ ഷൂട്ടിങ്ങിനായി പോകുമ്പോള്‍ പ്രേക്ഷകര്‍ തിരിച്ചറിയുന്നത് വെയിലിലെ തങ്കത്തിലൂടെയാണ്. ആ കഥാപാത്രം പ്രേക്ഷകരില്‍ ഇത്രയും ഇറങ്ങി ചെന്നിരുന്നെന്ന് അപ്പോഴാണ് അടുത്തറിയുന്നത്.

ബൈജു. പി. സെന്‍