LATEST NEWS
  Feb 15, 2015
ദേശീയ ഗെയിംസിന് കൊടിയിറങ്ങി
കെ.വിശ്വനാഥ്‌
തിരുവഞ്ചൂര്‍ വേദിവിട്ടിറങ്ങി; സമാപന ചടങ്ങിലും വിവാദം

തിരുവനന്തപുരം: കേരളം ആതിഥ്യംവഹിച്ച 35ാമത് ദേശീയ ഗെയിംസിന് പ്രൗഢഗംഭീരമായ സമാപനം. കേന്ദ്ര കായികമന്ത്രി സര്‍ബാനന്ദ് സോണോബല്‍, ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് എന്‍.രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്ത വര്‍ണോജ്വലമായ ചടങ്ങോെടയാണ് ഗെയിംസ് സമാപിച്ചത്.
അതിനിടയില്‍ സംസ്ഥാന കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വേദിയില്‍നിന്നിറങ്ങിപ്പോയത് വിവാദങ്ങള്‍ക്ക് വഴിവെച്ചു.


സമാപന ചടങ്ങിലെ സംഘാടന പിഴവുകളില്‍ പ്രതിഷേധിച്ചാണ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വേദിവിട്ട് ഇറങ്ങിയത്. കേന്ദ്ര കായികമന്ത്രി സര്‍ബാനന്ദ് സോണോബല്‍ ഉള്‍പ്പെടെയുള്ള വിശിഷ്ടാതിഥികള്‍ വേദിയില്‍ ഇരിക്കുമ്പോഴായിരുന്നു തിരുവഞ്ചൂരിന്റെ ഇറങ്ങിപ്പോക്ക്. സമാപന ചടങ്ങിന്റെ വേദിയില്‍ വിശിഷ്ട വ്യക്തികള്‍ക്കുള്ള നിരയില്‍ സംസ്ഥാന മന്ത്രിമാരായ എ.പി.അനില്‍കുമാറിനും വി.എസ്.ശിവകുമാറിനും ഇരിപ്പിടം നല്‍കാത്തതാണ് തന്നെ ചൊടിപ്പിച്ചതെന്ന് അദ്ദേഹം സൂചിപ്പിച്ചു. എന്നാല്‍, ചടങ്ങില്‍ സംസാരിക്കേണ്ടവരുടെ പട്ടികയില്‍ തന്റെ പേരില്ലാത്തതാണ് തിരുവഞ്ചൂരിനെ പ്രകോപിപ്പിച്ചതെന്നും സൂചനയുണ്ട്. ഗെയിംസിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് തിരുവഞ്ചൂരും ചീഫ് സെക്രട്ടറി ജിജി തോംസണുമായുണ്ടായിരുന്ന ഉരസലിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സംഭവവികാസമെന്ന് കരുതുന്നു.


വിശിഷ്ടവ്യക്തികള്‍ക്കൊപ്പം പ്രധാന നിരയില്‍ തിരുവഞ്ചൂരിനും ഇരിപ്പിടമൊരുക്കിയിരുന്നു. മന്ത്രിമാരായ അനില്‍കുമാറും ശിവകുമാറും എത്തിയപ്പോള്‍ അവരോട് മുഖ്യനിരയിലേക്ക് വന്നിരിക്കാന്‍ തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു. എന്നാല്‍, അവര്‍ താഴത്തെനിരയില്‍ തന്നെ ഇരുന്നു. അവര്‍ക്കായി പ്രധാന നിരയില്‍ പ്രത്യേക ഇരിപ്പിടം ഒരുക്കിയിരുന്നതുമില്ല. ആ സമയം തിരുവഞ്ചൂര്‍ വേദിവിട്ട് എഴുന്നേറ്റുപോയി. പിന്നീട് തിരിച്ചുവന്ന് താഴത്തെ നിരയില്‍ ഇരുന്ന് ചടങ്ങ് വീക്ഷിച്ചു. ഇടയ്ക്ക് മുഖ്യമന്ത്രി തന്നെ തിരുവഞ്ചൂരിനെ വിളിച്ച് സംസാരിക്കുന്നതും കാണാമായിരുന്നു.


ഗെയിംസ് ഭംഗിയായി നടക്കുകയും കേരളം മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തതോടെ തന്റെ റോള്‍ അവസാനിച്ചെന്നായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം. ?

Latest news

Ad