ഭഗവതിപ്പറ

  ഓണാട്ടുകരക്കാരുടെ ആധ്യാത്മിക വിശുദ്ധിയുടെയും, ഈശ്വരീയ ധര്‍മ്മത്തിന്‍റെയും മകുടോദാഹരണമാണ് "ഭഗവതിപ്പറ" അഥവാ പറയ്‌ക്കെഴുന്നള്ളത്. ശ്രീ മണക്കാട്ട്‌ ദേവീ ക്ഷേത്രത്തിലെ പറയ്ക്കെഴുന്നള്ളത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമാണുള്ളത്‌. ഭക്തനും അമ്മയും തമ്മിലുള്ള ഉദാത്തമായ ബന്ധം ആശ്രിതവത്സലയായ പരാശക്തി തന്‍റെ ഭക്തരെ കാണാനും, അവരുടെ ദു:ഖങ്ങളും ദുരിതങ്ങളും അകറ്റാനും ഓരോ ഭവനങ്ങളിലേക്കുംഎഴുന്നള്ളുന്ന മംഗളമുഹൂര്‍ത്തമാണിത്. മസ്തകാകൃതിയിലുള്ള സ്വര്‍ണ്ണമുഖപ്പറ്റും, 18 ആറന്മുള കണ്ണാടിയും, പുടവകളും, പട്ടുടയാടകളും ചേര്‍ത്തണിയിച്ചോരുക്കുന്ന കെട്ടുജീവതയില്‍ ഭഗവതിയുടെ "കര്‍മ്മബിംബം" എഴുന്നള്ളിച്ചാണ് പറയ്ക്കെഴുന്നള്ളത് നടത്തുന്നത്.
വീക്കുചെണ്ട, ഉരുട്ടുചെണ്ട, ഇലത്താളം, തകില്‍, കൊമ്പ്, കുഴല്‍ എന്നീ മേളക്കൂട്ടുകളും പാണിവിളക്കും, മെയ്‌വട്ടക്കുടകളും എഴുന്നള്ളത്തിനു അകമ്പടിയായി ഉണ്ടാകും. ഉത്തരായനകാലത്ത് മകരഭരണിദിനം പ്രഭാതത്തില്‍ ജീവത എഴുന്നള്ളിച്ച് തെക്കേക്കരകിഴക്ക് കരയിലെ അരയാകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തി "കൈനീട്ടപ്പറ സ്വീകരിക്കുന്നതോടെ പറയ്ക്കെഴുന്നള്ളിപ്പ് ആരംഭിക്കുന്നു.
 
ചാണകം മെഴുകിയ തറയില്‍, നിലവിളക്കിന്‍റെ പ്രഭാപൂരത്തില്‍ ചന്ദനത്തിരിയും കര്‍പ്പൂരവും സുഗന്ധം പരത്തുന്ന അന്തരീക്ഷത്തില്‍, തൂശനിലയില്‍ നിറപറയും, പുഷ്പങ്ങളും, ദക്ഷിണയും വെച്ച് ഗ്രഹനാഥനും കുടുംബാംഗങ്ങളും ചേര്‍ന്ന് വര്‍ഷത്തിലൊരിക്കല്‍ തങ്ങളെ കാണുവാനും, തങ്ങളുടെ ഗ്രഹം പുണ്യപൂരിതമാക്കാനും എഴുന്നള്ളുന്ന അമ്മയെ വരവേല്‍ക്കുന്നു. മക്കളുടെ സ്വീകരണത്തില്‍ സന്തുഷ്ടയായ ഭഗവതി ആനന്ദനൃത്തം ചെയുന്നുവെന്ന സങ്കല്‍പ്പത്തില്‍, ജീവത തോളിലേറ്റി പ്രതിപുരുഷന്‍ താളം ചവിട്ടി യാത്രയാകുന്നു. ലക്ഷ്മി, ചെമ്പ, പഞ്ചാരി, അടന്ത, ത്രിപട, കുണ്ടാലാച്ചി, എന്നിവയാണ് പ്രധാന താളക്രമങ്ങള്‍. ശിവരാത്രി ദിവസം തെക്കേകരകിഴക്ക് തുടര്‍ന്നുള്ള വെള്ളിയാഴ്ചകളില്‍ നടുവട്ടം, കോട്ടയ്ക്കകം, തെക്കുംമുറി തുടങ്ങിയ കരകളിലും, പ്രത്യേകമായി നിശ്ചയിക്കുന്ന ദിവസങ്ങളില്‍ സമീപത്തുള്ള മറ്റു പ്രദേശങ്ങളിലും എഴുന്നള്ളത് നടത്തുന്നു.മീനഭരണി ദിനത്തിനു മുന്‍പ് അകത്തെഴുന്നള്ളിക്കണം എന്ന വ്യവസ്ഥയും നിലവിലുണ്ട്.  
 
ഭഗവതിയുടെ അതിവിശിഷ്ടവഴിപാടുകളില്‍ ഒന്നാണ് അന്‍പൊലി. വഴിപാടുകാരന്‍ തന്‍റെ ഭവനത്തില്‍ കമനീയമായ അന്‍പൊലിപ്പന്തല്‍ ഒരുക്കുന്നു. മുത്തുക്കുടകളും, കുരുത്തോലയും, കുലവാഴകളും കൊണ്ട് അലങ്കരിച്ച് ദീപപ്രഭയില്‍ നിറഞ്ഞ അന്‍പൊലിപ്പന്തലില്‍, ചാണകം മഴുകിയ തറയില്‍ നിലവിളക്കുകള്‍ക്ക് മുന്‍പില്‍ ദക്ഷിണ വെച്ച് മലര്‍, അവല്, പഴം, ഉണക്കലരി, നെല്ല് തുടങ്ങിയ പൂജാദ്രവ്യങ്ങള്‍ നിറച്ച പറയാണ്‌ സമര്‍പ്പിക്കുന്നത്.
താലപ്പൊലിയേന്തിയ ബാലികമാരുടെയും, സഹോദരിമാരുടെയും അകമ്പടിയോടെ തീവെട്ടിയുടെ ദീപപ്രഭയില്‍ വായ്ക്കുരവയും, ആര്‍പ്പുവിളികളും ഉയരുന്ന അന്തരീക്ഷത്തില്‍ ഗ്രഹനാഥ അഷ്ടമംഗല്യവുമേന്തി ഭഗവതിയെ എതിരേല്‍ക്കും. സ്വീകരണത്തില്‍ സന്തുഷ്ടയായ ഭഗവതി ആനന്ദനൃത്തം ചെയുന്നുവെന്ന സങ്കല്‍പ്പത്തില്‍, പ്രതിപുരുഷന്‍ പ്രത്യേക താളക്രമത്തില്‍ എഴുന്നള്ളിച്ച് അന്‍പൊലിപ്പന്തലിലെത്തി അന്‍പൊലി സ്വീകരിക്കുന്നു. സൗഭാഗ്യത്തിനും, ഉദ്ദിഷ്ടകാര്യലബ്ദിക്കും ഉള്ള ഉത്തമമായ വഴിപാടാണിത്. ഓരോ കരയോഗങ്ങളുടെ ആസ്ഥാനത്തോ, അല്ലെങ്കില്‍ കരക്കാരുടെ അധീനതയിലുള്ള ക്ഷേത്രത്തിലോനല്‍കുന്ന "താലപ്പൊലി" ഭഗവതി ഏറ്റുവാങ്ങുന്നു. ഓരോ കരയിലും 2 പകലും 1 രാത്രിയും തന്‍റെ മക്കളോടോന്നിച്ചു കഴിഞ്ഞു കൂടിയ അമ്മ എഴുന്നള്ളത്തിന്‍റെ രണ്ടാം ദിവസം സന്ധ്യക്ക്‌ അതൃത്തിയില്‍ തിങ്ങി നിറഞ്ഞ ആബാലവൃദ്ധം ജനങ്ങളോടുംയാത്ര ചോദിക്കുന്ന "യാത്രയയപ്പ്" എന്ന ചടങ്ങ് ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. അമ്മയെ യാത്രയയച്ചു "മണക്കാട്ടമ്മ" പകര്‍ന്നു നല്‍കിയ ഐശ്വര്യവും ആദ്ധ്യാത്മികവിശുദ്ധിയുമായി ഭക്തജനങ്ങള്‍ ദേവീസ്മരണകള്‍അയവിറക്കി നിരകണ്ണുകളോടെ സ്വഭാവനങ്ങളിലേക്ക് മടങ്ങിപ്പോകുന്നു.