ഇരിങ്ങാലക്കുട: കൊടിയേറ്റദിവസം നൂറ്റൊന്ന് കുട്ടികള്‍ ഒരുക്കിയ മൃദംഗമേള ഹൃദ്യമായി. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവ കൊടിയേറ്റത്തോടനുബന്ധിച്ചാണ് കൊരമ്പ് മൃദംഗകളരിയിലെ 101 കൊച്ചുകലാകാരന്മാര്‍ മൃദംഗമേളയിലൂടെ ആസ്വാദകരുടെ മനംകവര്‍ന്നത്. കൊടിയേറ്റത്തിനുശേഷം കിഴക്കേ നടപ്പുരയില്‍ നടന്ന മൃദംഗമേളയില്‍ 15 വിദ്യാര്‍ത്ഥിനികളടക്കം പങ്കെടുത്ത മേളയില്‍ 3 വയസ്സുള്ള സാരസ്, അനിഷേത് മുതല്‍ സീനിയര്‍ വിദ്യാര്‍ത്ഥികളായ ശരത്ത്, ആനന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.
പതിവില്‍നിന്നും വ്യത്യസ്തമായി ഗുരുവിനൊപ്പം കൊച്ചുവിദ്യാര്‍ത്ഥികളായ അദ്വൈത്, വിശ്വജിത്ത്, ശ്രീലക്ഷ്മി തുടങ്ങിയവര്‍ മേളയ്‌ക്കൊപ്പം വായ്ത്താരി ചൊല്ലി. ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന മേളയ്ക്ക് വിക്രമന്‍ നമ്പൂതിരി, പി.വി. ശിവകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.