Top
19
Saturday, November 2016
About UsE-Paper

ഒറ്റദിവസംകൊണ്ട് രൂപപ്പെട്ടതല്ല സഹകരണപ്രസ്ഥാനം: പിണറായി

Saturday Nov 19, 2016
വെബ് ഡെസ്‌ക്‌


തിരുവനന്തപുരം > ഒറ്റദിവസംകൊണ്ട് ശക്തിപ്പെട്ടതല്ല കേരളത്തിലെ സഹകരണമേഖലയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദേശീയപ്രസ്ഥാനത്തിന്റെ കാലംമുതലുള്ള പ്രവര്‍ത്തനത്തിലൂടെയാണ് അത് ജനവിശ്വാസം നേടിയെടുത്തത്. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന സ്ഥാപനം എന്ന നിലയിലാണ് അത് മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തില്‍ തഴച്ചുവളര്‍ന്നത്. ഇന്ന് 1.27 ലക്ഷം കോടി രൂപയുടെ നിക്ഷേപം സഹകരണമേഖലയിലുണ്ട്.

ബാങ്കിങ് നടപടികള്‍ക്കപ്പുറത്ത് സാധാരണക്കാരന്റെ ജീവിതത്തിനൊപ്പമാണ് കേരളത്തിലെ സഹകരണമേഖല. കുറവുകളുണ്ടാകാം. അത് പരിഹരിച്ച് മുന്നോട്ടുപോകാനാണ് എല്ലാ കാലത്തും ശ്രമിച്ചിട്ടുള്ളത്. താരതമ്യേന അഴിമതി കുറഞ്ഞതും സുതാര്യവുമായ മേഖലയാണ് സഹകരണപ്രസ്ഥാനം. സര്‍വതന്ത്ര സ്വതന്ത്രമായ ഒന്നല്ല സഹകരണമേഖല. കേരള നിയമസഭ പാസാക്കിയ സഹകരണനിയമത്തിന്റെ അടിസ്ഥാനത്തിലാണ് അത് പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ പരിശോധനാ നടപടികളുണ്ട്. തെറ്റ് ചെയ്താല്‍ കര്‍ശന നടപടിയുണ്ടാകുമെന്നതാണ് ചരിത്രം. കള്ളപ്പണം തടയുന്നതിന് ആരും എതിരല്ല. എന്നാല്‍, അതിന് സ്വീകരിച്ച നടപടി സമചിത്തതയുള്ള ഭരണാധികാരിക്ക് ചേരുന്നതായിരുന്നില്ല. രാജ്യത്ത് പ്രചാരത്തിലിരിക്കുന്ന കറന്‍സിയില്‍ 84 ശതമാനവും പിന്‍വലിക്കുമ്പോള്‍ ബദല്‍നടപടികള്‍ എന്തെങ്കിലും കൈക്കൊള്ളാനായോ. പ്രചാരത്തിലിരിക്കുന്ന പണം പിന്‍വലിച്ച് നാളെ ബാങ്കില്ല, രണ്ടുദിവസം എടിഎം ഇല്ല എന്നു പ്രഖ്യാപിക്കലാണോ ഒരു ഭരണാധികാരിയുടെ കടമ.

സഹകരണമേഖലയെ ബാധിക്കുന്ന ഗുരുതരപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേന്ദ്രം തയ്യാറാകുന്നില്ല. കാര്‍ഷികവായ്പകള്‍ യഥാര്‍ഥ അര്‍ഥത്തില്‍ നടപ്പാക്കുന്നത് സഹകരണ ബാങ്കുകളാണ്. ഡയാലിസിസ് സെന്റര്‍ ഉള്‍പ്പെടെയുള്ള ജനോപകാരനടപടികള്‍ കൈക്കൊള്ളുന്നതാണ് കേരളത്തിലെ സഹകരണമേഖല. കണ്‍സ്യൂമര്‍ സൊസൈറ്റികള്‍ നടത്തുന്ന സൂപ്പര്‍മാര്‍ക്കറ്റുകളും നീതി മെഡിക്കല്‍ സ്റ്റോറുകളും ജനങ്ങള്‍ക്ക് നല്‍കുന്ന സേവനം കേരളീയരുടെ ജീവിതാനുഭവമാണ്. ഇതിനെ എന്തുവിലകൊടുത്തും സംരക്ഷിക്കണം- മുഖ്യമന്ത്രി പറഞ്ഞു.

Related News

കൂടുതൽ വാർത്തകൾ »