ആരാണ്‌ സാത്താന്‍?

Monday 8 July 2013 3:13 pm IST

ദൈവം ഉണ്ടെങ്കില്‍ സാത്താനും ഉണ്ട്‌. ബൈബിളില്‍തന്നെ ക്രിസ്തുവിനെ സാത്താന്‍ പരീക്ഷിക്കുന്നതും പലരില്‍നിന്നും സാത്താനെ ഒഴിപ്പിക്കുന്നതുമായ പരാമര്‍ശങ്ങള്‍ കാണാം. ഇഷ്ടപ്പെട്ട തൊഴില്‍, ജീവിതപങ്കാളി, ശത്രുനാശം തുടങ്ങി എന്ത്‌ കാര്യവും സാത്താന്‍സേവയിലൂടെ ലഭ്യമാകുമെന്ന്‌ സാത്താനെ ആരാധിക്കുന്നവര്‍ വിശ്വസിപ്പിക്കുന്നു. കേരളത്തില്‍നിന്നും ഉന്നത പഠനത്തിനായി കോയമ്പത്തൂര്‍, ചെന്നൈ, ബാംഗ്ലൂര്‍, മംഗലാപുരം ഭാഗങ്ങളില്‍ പോകുന്ന പല വിദ്യാര്‍ഥികളും ഈ വിശ്വാസത്തിലേക്ക്‌ എത്തിപ്പെടുന്നുണ്ട്‌.
ആലുവയിലെ ഒരു പെണ്‍കുട്ടിയെ സഹപാഠിയായിരുന്ന ബോയ്ഫ്രണ്ടാണ്‌ ചെകുത്താന്‍ പൂജയ്ക്ക്‌ കൊണ്ടുപോയത്‌. ഒരുവട്ടം മെഡിക്കല്‍ എന്‍ട്രന്‍സില്‍ പരാജയപ്പെട്ട അവള്‍ക്ക്‌ ഉന്നത വിജയം വാഗ്ദാനം ചെയ്താണ്‌ ബ്ലാക്ക്‌ മാസില്‍ പങ്കെടുപ്പിച്ചത്‌. കടുത്ത കത്തോലിക്കാ വിശ്വാസിയായ ആ കുട്ടി അവിടുത്തെ ക്രിയകള്‍ കണ്ട്‌ മാനസികവിഭ്രാന്തിയിലായി. വീട്ടുകാര്‍ കൗണ്‍സലിങ്ങിന്‌ വിധേയയാക്കിയപ്പോഴാണത്രേ കാര്യങ്ങള്‍ പുറത്തുവന്നത്‌. പലവിധ പ്രലോഭനങ്ങള്‍ നല്‍കിയാണ്‍പെണ്‍കുട്ടികളെ ഇതിലേക്കാകര്‍ഷിക്കുന്നതെന്ന്‌ വാര്‍ത്താ മാധ്യമങ്ങള്‍ പറയുന്നു. സാത്താന്‍ വിശ്വാസികള്‍ സംസ്ഥാനത്ത്‌ പെരുകിവരുന്നതായും ആ റിപ്പോര്‍ട്ടില്‍ പറയുന്നു. (യുട്യൂബില്‍ ഇതിന്റെ ക്ലിപ്പിംഗ്‌ കാണാം.)
തിന്മയുടെ മൂര്‍ത്തി ആകയാല്‍ സാത്താന്‍ ആരാധകരൊക്കെയും കുറ്റവാളികളും അപഥസഞ്ചാരികളും ആണെന്ന്‌ കത്തോലിക്കാ സഭ ജനങ്ങളെ വിശ്വസിപ്പിക്കുന്നു. നിലവിലുള്ള മൂല്യവ്യവസ്ഥയെ തലകീഴായ്‌ മറിക്കാനുള്ള സംഘടിത ശ്രമമാണ്‌ ചെകുത്താന്‍ ആരാധനയെന്ന്‌ അവര്‍ ആരോപിക്കുന്നു. വ്യക്തിയുടെ മൂല്യനൈതികബോധങ്ങളെ ഇല്ലായ്മ ചെയ്ത്‌ എന്തും ചെയ്യാനുള്ള മാനസികാവസ്ഥയിലേക്ക്‌ എത്തിക്കാനുള്ള ശ്രമമാണിത്‌.
ആഭിചാരക്രിയകളുടെ മറവില്‍ വ്യഭിചാരക്രിയകളാണ്‌ പലയിടത്തും നടക്കുന്നത്‌. അക്രമം, മയക്കുമരുന്ന്‌, ലൈംഗികത എന്നിവയുമായി ബന്ധപ്പെട്ടാണ്‌ ബ്ലാക്ക്മാസ്‌ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌. വ്യക്തിയുടെ മോഹങ്ങളേയും മോഹഭംഗങ്ങളേയും ഒരുപോലെ ഇക്കൂട്ടര്‍ പ്രയോജനപ്പെടുത്തും. ചിത്തഭ്രമത്തിലേക്കും സാഡിസത്തിലേക്കും വളരുന്ന ഇത്തരം ക്രിയകള്‍ മനുഷ്യനിലെ മാനവികതയെ ഇല്ലായ്മ ചെയ്യുന്നവയാണ്‌ എന്നാണു സഭയുടെ വാദം.
പുതിയ തലമുറ അനുഭവിക്കുന്ന ചില അസ്വസ്ഥതകളെ ഇവര്‍ മുതലാക്കുന്നു. പരിധിയില്ലാത്ത സ്വാതന്ത്ര്യം, കനത്ത ശമ്പളം, സുഖതൃഷ്ണ തുടങ്ങിയവ സാത്താന്‍ കേന്ദ്രങ്ങളിലേക്ക്‌ യുവജനങ്ങളെ എത്തിക്കുന്നുണ്ടെന്ന്‌ സഭാനേതൃത്വം വ്യക്തമാക്കുന്നു. സ്വാഭാവികമായും എല്ലാ സംഘടിതമതങ്ങളും അനുവര്‍ത്തിക്കുന്ന പദ്ധതികള്‍ ഇത്‌ തന്നെയാണെന്ന്‌ നമുക്ക്‌ കാണാന്‍ കഴിയും.
ഹൈന്ദവ സങ്കല്‍പ്പത്തില്‍ സാത്താന്‍ ഇല്ല. ചാത്തനെ സാത്താനായി പേരിന്റെ സാദൃശ്യത്തില്‍ തെറ്റിദ്ധരിക്കാമെന്നേ ഉള്ളൂ. അത്‌ പക്ഷെ ശാസ്താവിന്റെ തദ്ഭവം ആണ്‌. സെമിറ്റിക്‌ സങ്കല്‍പ്പം മറ്റൊരുതരത്തില്‍ ആണ്‌. സ്വര്‍ഗത്തില്‍ അധികാര വടംവലി ഉണ്ടായപ്പോള്‍ രണ്ടുകൂട്ടര്‍ തമ്മില്‍ യുദ്ധം നടക്കുകയും ജയിച്ചയാള്‍ 'സര്‍വശക്തന്‍' അഥവാ ദൈവവും എതിരാളി സാത്താനും ആയി. പ്രാചീന ഹീബ്രു ഭാഷയില്‍ സാത്താന്‌ എതിരാളി എന്ന്‌ മാത്രമേ അര്‍ഥം ഉള്ളൂ. ശക്തനായവന്‍ ജയിച്ചു. എന്നുവെച്ചാല്‍ പിന്നീട്‌ എഴുതപ്പെട്ടതൊക്കെയും ജയിച്ചവന്റെ അപദാനങ്ങള്‍ ആയിരുന്നു.
ജൂതദര്‍ശനങ്ങളില്‍ സാത്താന്‍ ദൈവത്തിന്റെ എല്ലാ പദ്ധതികളെയും എതിര്‍ക്കുന്നവനും തടസ്സപ്പെടുത്തുന്നവനും വ്യാമോഹം, പ്രലോഭനം എന്നിവ ചെയ്യുന്നവനും ദൈവത്തിനുവേണ്ടി തന്നെ കഷ്ടതകളും പരീക്ഷണങ്ങളും നടത്തുന്നവനും (ഇയോബ്‌, പഴയനിയമം നോക്കുക) എന്നിട്ട്‌ പഴി കേള്‍ക്കേണ്ടിവരുന്നവനും ഒക്കെ ആയിട്ടാണ്‌ നാം കാണുന്നത്‌. ദൈവികസഭയിലെ ദൈവത്തിന്റെ ആജ്ഞാനുവര്‍ത്തികളായ അനേകം 'ദൈവപുത്ര'രില്‍ ഒരാളാണ്‌ സാത്താന്‍ എന്ന്‌ ഇയോബിന്റെ പുസ്തകത്തില്‍ (പഴയനിയമം)കാണാം. പില്‍ക്കാല ഗ്രീക്ക്‌ മിത്തോളജിയുടെ സ്വാധീനമാവാം സാത്താനെ ലൂസിഫര്‍ എന്നും (പ്രഭാത നക്ഷത്രം, വെള്ളി നക്ഷത്രം, ശുക്രന്‍)പറയുന്നുണ്ട്‌. സെമിറ്റിക്‌ മതങ്ങളില്‍ ആണ്‌ സാത്താനെ പ്രകൃതിവിരുദ്ധ, ആസുരശക്തിയായി ഡെവിള്‍ അഥവാ പിശാചായി വരച്ചു വെച്ചിരിക്കുന്നത്‌. വിശേഷിച്ചും സ്വര്‍ഗത്തിലെ യുദ്ധശേഷം പാതാളത്തിലേക്ക്‌ നിപതിച്ച മാലാഖയായും മനുഷ്യന്റെ സകല പാപങ്ങള്‍ക്കും ഉറവിടമായും അവനെ പാപം ചെയ്യാന്‍ പ്രേരിപ്പിക്കുന്നവനായും പ്രലോഭനങ്ങള്‍ക്ക്‌ അടിമപ്പെടുന്നവനായും പുതിയ നിയമവും സമാനതകളോടെ ഖുറാനും രേഖപ്പെടുത്തിയിരിക്കുന്നു.
ഭൂതങ്ങളുടെ നായകന്‍ എന്ന്‌ മത്തായിയുടെ സുവിശേഷത്തിലും ഇഹലോകത്തിന്റെ ദൈവം എന്ന്‌ കോരിയാന്തറിലും (പു.നി) പരാമര്‍ശങ്ങള്‍ കാണാം. ഖുറാന്‍ അനുസരിച്ച്‌ ദൈവസൃഷ്ടി ആയ ആദിമാനവന്‍ ആദാമിനെ വണങ്ങാന്‍ കൂട്ടാക്കാതിരുന്ന ഇബിലിസ്‌ ആണ്‌ സാത്താന്‍ അഥവാ സൈത്താന്‍. അറബിക്‌ ഭൂതങ്ങളായ ജിന്നുകളുടെ അധിപതികൂടിയാണ്‌ ഇബിലിസ്‌.
- അനില്‍ മേനോന്‍