ദേശീയ ശാസ്ത്ര ദിനമാണ് ഫെബ്രുവരി 28, 'രാമന്‍ പ്രഭാവം' കണ്ടുപിടിക്കപ്പെട്ട ദിവസം. തൊണ്ണൂറ് വര്‍ഷം മുമ്പ് സി വി രാമനും വിദ്യാര്‍ഥികളും കൊല്‍ക്കത്തയില്‍ വെച്ച് ആ കണ്ടുപിടുത്തം നടത്തുമ്പോള്‍ യാഥാര്‍ഥ്യമായത് മഹേന്ദ്ര ലാല്‍ സിര്‍ക്കാര്‍ എന്ന ക്രാന്തദര്‍ശിയുടെ സ്വപ്‌നങ്ങളായിരുന്നു

C V Raman
സി വി രാമന്‍. ചിത്രം കടപ്പാട്: RRI, Bangalore

ന്ത്യ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള യഥാര്‍ഥ പരിഹാരമാര്‍ഗ്ഗം ആധുനിക ശാസ്ത്രഗവേഷണമാണെന്ന് വിശ്വസിച്ച ഒരു ക്രാന്തദര്‍ശി പത്തൊന്‍പതാം നൂറ്റാണ്ടില്‍ കൊല്‍ക്കത്തയിലുണ്ടായിരുന്നു-ഡോ. മഹേന്ദ്ര ലാല്‍ സിര്‍ക്കാര്‍. 1876ല്‍ അദ്ദേഹം ആരംഭിച്ച സ്ഥാപനമാണ് 'ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ദ കള്‍ട്ടിവേഷന്‍ ഓഫ് സയന്‍സ്' (ഐ.എ.സി.എസ്). ഉദാരമതികള്‍ നല്‍കിയ സംഭാവന ഉപയോഗിച്ച് കൊല്‍ക്കത്തയിലെ ബോ ബസാര്‍ സ്ട്രീറ്റില്‍ സാമാന്യം വിശാലമായ ഒരു ആസ്ഥാനമന്ദിരവും ആധുനിക ഉപകരണങ്ങളുള്ള ലാബും സജ്ജമാക്കപ്പെട്ടു. 

പൊതുജനങ്ങള്‍ക്കായി ശാസ്ത്രക്ലാസുകള്‍ സംഘടിപ്പിക്കുകയാണ് മഹേന്ദ്ര ലാല്‍ ആദ്യം ചെയ്തത്. സൗകര്യങ്ങള്‍ ലഭ്യമാകുന്നതോടെ ശാസ്ത്രതത്പരരായ യുവാക്കള്‍ ഇന്ത്യന്‍ അസോസിയേഷനിലേക്ക് ആകര്‍ഷിക്കപ്പെടുമെന്നും, അവര്‍ അതൊരു മഹത്തായ ഗവേഷണസ്ഥാപനമാക്കുമെന്നും അദ്ദേഹം വിശ്വസിച്ചു. ലണ്ടനിലെ റോയല്‍ ഇന്‍സ്റ്റിട്ട്യൂഷന്‍ പോലെ ഒരു ലോകപ്രശസ്ത ദേശീയ ശാസ്ത്രകേന്ദ്രമായി ഇന്ത്യന്‍ അസോസിയേഷന്‍ വളരുന്നത് അദ്ദേഹം സ്വപ്‌നം കണ്ടു. വര്‍ഷങ്ങള്‍ കഴിഞ്ഞു, ആരും വന്നില്ല. താന്‍ കണ്ടതൊക്കെ പാഴ്‌സ്വപ്‌നമായിരുന്നോ എന്ന നിരാശയിലാണ് 1904ല്‍ എഴുപത്തിയൊന്നാം വയസ്സില്‍ മഹേന്ദ്ര ലാല്‍ വിടവാങ്ങുന്നത്! 

യഥാര്‍ഥത്തില്‍ മഹേന്ദ്ര ലാലിന്റേത് പാഴ്‌സ്വപ്‌നമായിരുന്നില്ല. ആ സ്ഥാപനത്തെ ലോകപ്രശസ്തമാക്കാനുള്ള യുവഗവേഷകന്‍ തമിഴ്‌നാട്ടില്‍ നിന്ന് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ എന്നും, ഇന്ത്യയിലെ എന്നല്ല ഏഷ്യയിലെ തന്നെ ആദ്യ ഭൗതികശാസ്ത്ര നൊബേല്‍ ലഭിക്കാനുള്ള കണ്ടുപിടുത്തം ഇന്ത്യന്‍ അസോസിയേഷനിലാണ് നടക്കാന്‍ പോകുന്നതെന്നും, ആ പുരസ്‌കാരം നേടുക ചന്ദ്രശേഖര വെങ്കട്ട രാമന്‍ എന്ന സി വി രാമന്‍ ആയിരിക്കുമെന്നും, 'രാമന്‍ പ്രഭാവം'  എന്നറിയപ്പെട്ട ആ കണ്ടെത്തല്‍ നടന്ന ഫെബ്രുവരി 28 ആയിരിക്കും ഭാവിയില്‍ ഇന്ത്യയുടെ 'ദേശീയ ശാസ്ത്രദിനം' എന്നും അറിയാനുള്ള യോഗം മഹേന്ദ്ര ലാലിനുണ്ടായില്ല. അതൊന്നും അറിയാതെ അദ്ദേഹം ചരിത്രത്തില്‍ മറഞ്ഞു. 

സി വി രാമനാണ് മഹേന്ദ്ര ലാല്‍ കണ്ട സ്വപ്‌നം യാഥാര്‍ഥ്യമാക്കിയതെന്ന് സാരം. ഇന്ത്യന്‍ അസോസിയേഷനെ രാമന്‍ ലോകം അറിയപ്പെടുന്ന ഗവേഷണകേന്ദ്രമാക്കി മാറ്റി. 

Mahendra Lal Sircar
മഹേന്ദ്ര ലാല്‍ സിര്‍ക്കാര്‍. ചിത്രം കടപ്പാട്: IACS

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിക്ക് സമീപം തിരുവാണൈക്കാവൈ ഗ്രാമത്തില്‍ 1888 നവംബര്‍ ഏഴിന് ജനിച്ച രാമന്‍, ശാസ്ത്രവിഷയങ്ങളില്‍ ചെറുപ്പത്തിലേ വലിയ അഭിരുചി കാട്ടിയിരുന്നു. മദ്രാസിലെ പ്രസിഡന്‍സി കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ ഫിലോസൊഫിക്കല്‍ ജേര്‍ണല്‍, നേച്ചര്‍ എന്നീ ശാസ്ത്രജേര്‍ണലുകളില്‍ സ്വന്തം ഗവേഷണഫലങ്ങള്‍ ആ യുവാവ് പ്രസിദ്ധീകരിച്ചു. 1907 ജനുവരിയില്‍ എം.എ. പാസായ രാമന്‍, 'ഫിനാന്‍ഷ്യല്‍ സിവില്‍ സര്‍വീസ്' (FCS) പരീക്ഷ എഴുതിയെടുത്തു. അസിസ്റ്റന്റ് അക്കൗണ്ടന്റ് ജനറലായി നിയമിക്കപ്പെട്ട അദ്ദേഹം, തന്റെ നവവധുവായ ലോകസുന്ദരി അമ്മാളിനൊപ്പം 1907 ജൂണ്‍ പകുതിയോടെ ജോലിക്ക് ചേരാന്‍ കൊല്‍ക്കത്തയിലെത്തി. 

മികച്ച ജോലി, നല്ല ശമ്പളം. മിക്കവരും പിന്നീട് മറ്റൊന്നും ആലോചിക്കില്ല. രാമന്‍ പക്ഷേ, വ്യത്യസ്തനായിരുന്നു.

കൊല്‍ക്കത്തയിലെത്തിയ രാമന്‍ താനവിടെ ഉണ്ടായിരുന്ന 26 വര്‍ഷത്തിനിടെ നിര്‍ണായകമായ രണ്ടു കണ്ടുപിടിത്തങ്ങള്‍ നടത്തി. അതില്‍ രണ്ടാമത്തേത് ലോകപ്രശസ്തമാണ്-'രാമന്‍ പ്രഭാവം' (Raman effect). ഒരു സുതാര്യമാധ്യമത്തിലൂടെ കടന്നു പോകുമ്പോള്‍ വിസരണം(scattering) സംഭവിക്കുന്ന ഏകവര്‍ണ്ണപ്രകാശത്തില്‍ (monochromatic light) ചെറിയൊരു ഭാഗത്തിന് തരംഗദൈര്‍ഘ്യത്തില്‍ വ്യത്യാസമുണ്ടാകുന്ന പ്രതിഭാസം. 1928ലെ ഈ കണ്ടുപിടുത്തത്തിന് രണ്ടുവര്‍ഷം കഴിഞ്ഞ് രാമന് നൊബേല്‍ പുരസ്‌കാരം ലഭിച്ചു. ഒന്നാമത്തെ കണ്ടുപിടിത്തം നടന്നത് രാമന്‍ കൊല്‍ക്കത്തയിലെത്തി അധികം വൈകാതെയായിരുന്നു. 1907 ആഗസ്ത് ആദ്യം ഓഫീസില്‍നിന്ന് മടങ്ങുംവഴി ബോ ബസാര്‍ സ്ട്രീറ്റില്‍ വലിയൊരു കെട്ടിടത്തില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡ് രാമന്റെ ശ്രദ്ധയില്‍ പെട്ടു-'ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ദ കള്‍ട്ടിവേഷന്‍ ഓഫ് സയന്‍സ്'. ആ സ്ഥാപനത്തെപ്പറ്റി അറിയാന്‍ രാമന്‍ ചെന്നു. 

സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ തനിക്ക് ഒഴിവുസമയത്ത് അവിടെ ഗവേഷണം ചെയ്യാനൊക്കുമോ എന്നായിരുന്നു രാമന് അറിയേണ്ടിയിരുന്നത്. ആ സ്ഥാപനത്തിന്റെ അപ്പോഴത്തെ മേധാവിയും മഹേന്ദ്ര ലാലിന്റെ മരുമകനുമായ അമൃത ലാല്‍ സിര്‍ക്കാറിന്റെ മുറിയിലേക്ക് രാമന്‍ ആനയിക്കപ്പെട്ടു. മദ്രാസില്‍ പഠിക്കുന്ന കാലത്ത് വിദേശ ജേര്‍ണലുകളില്‍ താന്‍ പേപ്പറുകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള കാര്യം രാമന്‍ അറിയിച്ചു. അമൃത് ലാല്‍ സിര്‍ക്കാര്‍ എണീറ്റ് രാമനെ ആലിംഗനം ചെയ്തു. അങ്ങനെ, ഇന്ത്യന്‍ അസോസിയേഷന്‍ സ്ഥാപിക്കപ്പെട്ട് 31 വര്‍ഷങ്ങള്‍ക്ക് ശേഷം അവിടെയൊരു ചെറുപ്പക്കാരന്‍ ഗവേഷണം ചെയ്യാന്‍ ആദ്യമായി എത്തി! 

C V Raman
സി വി രാമന്‍ പരീക്ഷണശാലയില്‍.
ചിത്രം കടപ്പാട്: RRI, Bangalore

ഇന്ത്യന്‍ അസോസിയേഷനായിരുന്നു കൊല്‍ക്കത്തയില്‍ വെച്ചുള്ള രാമന്റെ ആദ്യ 'കണ്ടുപിടിത്തം'. അതോടെ രാമന്‍ ഇരട്ടജീവിതം ആരംഭിച്ചു; ഒരേസമയം സമര്‍ഥനായ ഫിനാന്‍സ് ഓഫീസറായും, ശാസ്ത്രഗവേഷകനായും! 1907 മുതല്‍ പത്തുവര്‍ഷക്കാലം രാമന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. ശബ്ദശാസ്ത്രത്തിലും സംഗീത ഉപകരണങ്ങളെക്കുറിച്ചുമായിരുന്നു ആ കാലയളവില്‍ രാമന്റെ പഠനം. അതെപ്പറ്റി വിവിധ ശാസ്ത്രജേര്‍ണലുകളിലായി 30 ഗവേഷണ പ്രബന്ധങ്ങള്‍ വന്നു. സംഗീത ഉപകരണങ്ങളെക്കുറിച്ച് രാമന്‍ നടത്തിയ അന്വേഷണങ്ങള്‍ ലോകപ്രശസ്ത ശാസ്ത്രജ്ഞരുടെ ശ്രദ്ധ കൊല്‍ക്കത്തയിലേക്ക് തിരിയാനിടയാക്കി. 

മഹേന്ദ്ര ലാലിനെപ്പോലെ ശാസ്ത്രത്തിന്റെ പക്കലാണ് രാഷ്ട്രത്തിന്റെ ഭാവിയെന്ന് വിശ്വസിച്ച മറ്റൊരു വ്യക്തിത്വമുണ്ടായിരുന്നു കൊല്‍ക്കത്തയില്‍-സര്‍ അഷുതോഷ് മുഖര്‍ജി. ഇന്ത്യക്കാരനായ ആദ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍. അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് 1917ല്‍ സര്‍ക്കാര്‍ ഉദ്യോഗം രാജിവെച്ച് കല്‍ക്കത്ത യൂണിവേഴ്‌സിറ്റി സയന്‍സ് കോളേജില്‍ ഭൗതികശാസ്ത്ര വിഭാഗം മേധാവിയായി രാമന്‍ സ്ഥാനമേറ്റു. സര്‍ക്കാര്‍ ജോലിയില്‍ ലഭിച്ചിരുന്നതിന്റെ പകുതി ശമ്പളത്തിലാണ് കല്‍ക്കത്ത സര്‍വകലാശാലയില്‍ പാലിറ്റ് പ്രൊഫസറായി താന്‍ നിയമിതനാകുന്നതെന്ന കാര്യം രാമനെ അലട്ടിയില്ല. അതോടെ രാമന് ഉദ്യോഗത്തിന്റെ തലവേദനകളില്ലാതെ മുഴുവന്‍ സമയവും ശാസ്ത്രഗവേഷണം നടത്താം എന്നുവന്നു. 

സര്‍വകലാശാലയില്‍ പ്രൊഫസറാണെങ്കിലും, രാമന്റെ ഗവേഷണം മുഴുവന്‍ ഇന്ത്യന്‍ അസോസിയേഷനില്‍ തന്നെയായിരുന്നു. രാമനൊപ്പം ഇന്ത്യന്‍ അസോസിയേഷനും വളര്‍ന്നു. ശാസ്ത്രപ്രസിദ്ധീകരണങ്ങള്‍ അവിടുന്നുണ്ടായി, പുതിയ കണ്ടുപിടുത്തങ്ങളുണ്ടായി, രാമന് കീഴില്‍ ഗവേഷണം നടത്താന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ഥികളും ഇന്ത്യന്‍ അസോസിയേഷനിലാണ് ഗവേഷണം നടത്തിയത്. തുടര്‍ച്ചയായി ശാസ്ത്രക്ലാസുകളും അവിടെ നടന്നു. ഒടുവില്‍ രാമന്‍ ഇന്ത്യന്‍ അസോസിയേഷന്റെ സെക്രട്ടറിയുമായി. ആ സ്ഥാപനത്തെക്കുറിച്ച് മഹേന്ദ്ര ലാല്‍ സിര്‍ക്കാര്‍ കണ്ട സ്വപ്‌നം രാമന്‍ യാഥാര്‍ഥ്യമാക്കുകയായിരുന്നു.

Indian Association for the Cultivation of Science, IACS
കൊല്‍ക്കത്തയിലെ ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ദി കള്‍ട്ടിവേഷന്‍ ഒാഫ് സയന്‍സ് മന്ദിരം. ചിത്രം കടപ്പാട്: IACS/Twitter

1921ല്‍ യൂറോപ്പില്‍ നിന്നുള്ള കപ്പല്‍യാത്രയില്‍ കടലിന്റെ നീലനിറം നിരീക്ഷിച്ചുകൊണ്ട് രാമന്‍ ആരംഭിച്ച പ്രകാശപഠനത്തിന്റെ തുടര്‍ച്ചയായാണ് അദ്ദേഹവും വിദ്യാര്‍ഥികളും ചേര്‍ന്ന് 1928ല്‍ 'രാമന്‍ പ്രഭാവം' കണ്ടുപിടിച്ചത്. 1930ല്‍ നൊബേല്‍ പുരസ്‌കാരം നേടിയ രാമന്‍, 1933ല്‍ ബാംഗ്ലൂരിലെ 'ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സി'ന്റെ ഇന്ത്യക്കാരനായ ആദ്യ ഡയറക്ടറായി ചുമതലയേറ്റു. ആരോടും വിട്ടുവീഴ്ച ചെയ്യാത്ത സ്വാഭാവമായിരുന്നു രാമന്റേത്. അത് അദ്ദേഹത്തിന് കൊല്‍ക്കത്തയില്‍ ഒട്ടേറെ ശത്രുക്കളെ ഉണ്ടാക്കി. ആരെയും അനുനയിപ്പിക്കാനോ ശത്രുത അവസാനിപ്പിക്കാനോ രാമന്‍ ശ്രമിച്ചില്ല. അതൊടുവില്‍ കൊല്‍ക്കത്തയുമായുള്ള ബന്ധം തന്നെ പൂര്‍ണമായും വിടര്‍ത്തുന്ന അവസ്ഥയിലായി. ബാംഗ്ലൂരിലും ഔദ്യോഗിക രംഗത്തെ തിരിച്ചടികള്‍ക്ക് അത് കാരണമായി. 

1911 ലാണ് ബ്രിട്ടീഷ് ഭരണാധികാരികള്‍ ഇന്ത്യയുടെ രാഷ്ട്രീയ തലസ്ഥാനം കൊല്‍ക്കത്തയില്‍നിന്ന് ന്യൂഡല്‍ഹിയിലേക്ക് മാറ്റുന്നത്. രാജ്യത്തിന്റെ ശാസ്ത്രതലസ്ഥാനമായി അപ്പോഴും കൊല്‍ക്കത്ത തുടര്‍ന്നു. 1933ല്‍ കൊല്‍ക്കത്തവിട്ട് ബാംഗ്ലൂരിലേക്ക് രാമന്‍ ചെക്കേറുമ്പോള്‍ ഭൗമശാസ്ത്രജ്ഞന്‍ സര്‍ എല്‍.എല്‍. ഫെര്‍മോര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടു: 'കല്‍ക്കത്തയുടെ നഷ്ടം ബാംഗ്ലൂരിന്റെ നേട്ടമാകും. നിലവില്‍ ഇന്ത്യയില്‍ ശാസ്ത്രഗവേഷണത്തിന്റെ ആസ്ഥാനം കല്‍ക്കത്തയാണ്. എന്നാല്‍, ഇവിടുത്തെ പ്രധാന ശാസ്ത്രജ്ഞരിലൊരാള്‍ ബാംഗ്ലൂരിലേക്ക് മാറുന്നതോടെ കല്‍ക്കത്തയ്ക്ക് ആ ആടയാഭരണം അഴിച്ചുവെയ്‌ക്കേണ്ടി വരും'. എത്ര പ്രവചനസ്വഭാവമുള്ളതായി മാറി ഫെര്‍മോറിന്റെ വാക്കുകള്‍ എന്ന് ചിന്തിച്ചുനോക്കുക. 1930കളുടെ തുടക്കംവരെ ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന ബാംഗ്ലൂര്‍ ഇന്ന് ഇന്ത്യയുടെ 'ശാസ്ത്ര തലസ്ഥാനം' എന്ന വിശേഷണം പേറുന്നു. രാമന്റെ സാന്നിധ്യമാണ് ബാഗ്ലൂരിനെ മാറ്റിയത്. 

1948 നവംബറില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്ന് വിരമിച്ച രാമന്‍, അതിനടുത്തു തന്നെ തന്റെ സ്വന്തം സ്ഥാപനമായ 'രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ട്' (RRI) സ്ഥാപിച്ച് ഗവേഷണം തുടര്‍ന്നു. 1970 നവംബര്‍ 21 ന് മരിക്കും വരെയും പ്രകൃതിരഹസ്യങ്ങള്‍ തേടാനുള്ള ജിജ്ഞാസ അദ്ദേഹം കാത്തുസൂക്ഷിച്ചു. പ്രതിഭ മാത്രമല്ല, കഠിനാധ്വാനവും ശാസ്ത്രഗവേഷണത്തില്‍ കൂടിയേ തീരൂ എന്നതാണ് രാമന്‍ തന്റെ വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നുകൊടുത്ത വിലപ്പെട്ട പാഠം. 

അവലംബം -
1. Journey into Light - Life and Science of C.V.Raman (1988), by G. Venkataraman. Indian Accademy of Sciences, Bangalore 
2. C.V.Raman - A Biography (2011), by Uma Parameswaran. Penguin Books, New Delhi

* മാതൃഭൂമി നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്