തൃശ്ശൂർ: സംസ്ഥാനത്ത് പ്രളയതീവ്രത കൂട്ടിയത് അണക്കെട്ടുകളിൽനിന്ന് ഒഴുകിയെത്തിയ ’വിശക്കുന്ന ജല’മെന്ന് (hungry water) ശാസ്ത്രലോകം. സാന്ദ്രത ഉയരാതെ വെള്ളം ഒഴുകുന്ന അവസ്ഥയെയാണ് വിശക്കുന്ന ജലമെന്ന് വിളിക്കുന്നതെന്ന് തിരുവനന്തപുരത്തെ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിലെ ഹൈഡ്രോളജിക്കൽ പ്രോസസ് ഗ്രൂപ്പ് മേധാവി ഡോ. ഡി. പദ്മലാൽ പറഞ്ഞു. നദികളിൽ ഉണ്ടായിരുന്ന മണൽനിക്ഷേപം വൻതോതിൽ കുറഞ്ഞതും പ്രളയത്തിന്റെ രൂക്ഷത കൂട്ടാനിടയാക്കിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മണലും മണ്ണും കലരാതെ കുത്തിയൊഴുകുന്ന വെള്ളമുണ്ടാക്കുന്ന ആഘാതം രണ്ടര ഇരട്ടിയോളം വരും. അണക്കെട്ടുകൾ തുറന്നുവിട്ടപ്പോൾ പുറത്തേക്കൊഴുകിയത് ഈ ഗണത്തിൽപ്പെടുത്താവുന്ന വെള്ളമായിരുന്നു. വെള്ളത്തിന്റെ ആപേക്ഷികസാന്ദ്രത ഒന്നാണ്. മണൽ, മണ്ണ് എന്നിവയുടെ ആപേക്ഷികസാന്ദ്രത ശരാശരി 2.5 ആണ്. തെളിഞ്ഞ വെള്ളം മണ്ണും മണലുമായി കൂടിച്ചേരുമ്പോൾ ശരാശരി സാന്ദ്രത 1.8 ആകും. ഇങ്ങനെ സാന്ദ്രത ഉയരാതിരിക്കുമ്പോഴാണ് ഒഴുക്കിന്റെ ശക്തി കൂടുന്നത്. ഭാരമെടുത്ത് ഒരാൾ ഓടുന്നതും അല്ലാതെ ഓടുന്നതുമായിട്ട് ഇതിനെ ഉപമിക്കാം.

ഡാമുകളിൽ നിശ്ചലമായിക്കിടക്കുന്നത് തെളിഞ്ഞ വെള്ളമാണ്. ഇത് ഷട്ടറുകൾ വഴി പുറത്തേക്ക് തുറന്നുവിട്ടപ്പോൾ നാട്ടിലൂടെ ഒഴുകിയത് വലിയ പ്രഹരശേഷിയോടെയാണ്. ഇങ്ങനെ നദികളിലൂടെ ഒഴുകാൻ തുടങ്ങിയ വെള്ളം ഓരോ ഘട്ടത്തിലും കരയിലെ മണ്ണ് കുത്തിയിളക്കി. ഇങ്ങനെയാണ് വെള്ളത്തിൽ ചെളി നിറഞ്ഞത്. അണക്കെട്ടുകളിൽനിന്നുള്ള വെള്ളം നദികളിലെ പാലങ്ങളിൽ ഉണ്ടാക്കുന്ന ആഘാതവും താരതമ്യേന കൂടുതലായിരിക്കും.

ആറായിരം വർഷങ്ങൾകൊണ്ട് നദികളിൽ അടിഞ്ഞുണ്ടായ മണലാണ് 40 വർഷംകൊണ്ട് വാരിയെടുത്തത്. ഏതാനും വർഷങ്ങളായി മണൽവാരൽ നിരോധിച്ചിട്ടുണ്ടെങ്കിലും തെളിഞ്ഞ വെള്ളത്തിന് കൂടിക്കലരാൻ തക്കവണ്ണമുള്ള മണൽ സംസ്ഥാനത്തെ 44 നദികളിലുമില്ല. നദിയുടെ കരകളിൽ ഉണ്ടായിരുന്ന മണൽ അടുക്കുകളും കരമണൽ എന്ന പേരിൽ പലപ്പോഴായി വാരിമാറ്റി. ഇതും വെള്ളത്തിന്റെ പ്രഹരശേഷി കൂട്ടുന്ന ഘടകമായിട്ടുണ്ടെന്ന് പദ്മലാൽ പറയുന്നു.