Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹർത്താൽ ദിനത്തിൽ പോർവിളിച്ച് കേരളം; തെരുവുയുദ്ധം

sabarimala-violence-6 അടിപൂരം: പാലക്കാട് ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിനു സമീപം എൽഡിഎഫ് – ബിജെപി സംഘർഷമുണ്ടായതിനെ തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തിയപ്പോൾ തിരിഞ്ഞോടുന്ന പ്രവർത്തകർ. ചിത്രം: അരുൺ ശ്രീധർ ∙ മനോരമ

തിരുവനന്തപുരം ∙ ശബരിമല യുവതീപ്രവേശത്തെത്തുടർന്നു ബിജെപി പിന്തുണയോടെയുള്ള ശബരിമല കർമസമിതി ഹർത്താലിൽ കേരളം യുദ്ധക്കളമായി. അനുകൂലികളും എതിർപക്ഷവും തെരുവിൽ ഏറ്റുമുട്ടി. പാലക്കാട് നഗരസഭയിലും കാസർകോട്ടെ മഞ്ചേശ്വരം താലൂക്കിലും നിരോധനാജ്ഞ. സംസ്ഥാനമാകെ 745 പേർ അറസ്റ്റിൽ. ഗവർണർ പി.സദാശിവം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നു റിപ്പോർട്ട് തേടി.

തൃശൂർ വാടാനപ്പള്ളിയിൽ കട അടപ്പിക്കാൻ ശ്രമത്തിനിടെ എസ്‍ഡിപിഐ പ്രവർത്തകരുമായുള്ള സംഘർഷത്തിൽ 3 ബിജെപി പ്രവർത്തകർക്കു വെട്ടേറ്റു. കൊല്ലം പന്മനയി‍ൽ ഹർത്താൽ അനുകൂലികളുടെ ബൈക്ക്, പൊലീസിന്റെ നിർദേശപ്രകാരം ചവറ സ്റ്റേഷനിലെത്തിച്ചു മടങ്ങിയ ആൾക്കു വെട്ടേറ്റു. ആലപ്പുഴ തുറവൂരിൽ സിപിഎം ആക്രമണത്തിൽ 2 ബിജെപിക്കാർക്കു വെട്ടേറ്റു. 

തലശ്ശേരിയിൽ ബിജെപി ജില്ലാ സെക്രട്ടറി എൻ. ഹരിദാസിന്റെ വീടടക്കം മൂന്നിടത്തേക്കു ബോംബേറുണ്ടായി. തിരുവനന്തപുരം നെടുമങ്ങാട്ടു പൊലീസ് സ്റ്റേഷനു മുന്നിലെ റോഡിലും ബോംബേറ്. കാസർകോട്ടു ബിജെപി മുൻ നഗരസഭാംഗം ഗണേഷ് പാറക്കട്ടയ്ക്കു കുത്തേറ്റു.

sabarimala-violence-7 ആലപ്പുഴ നഗരത്തിൽ ബിഎംഎസ് കൺസ്ട്രക്‌ഷൻ ആൻഡ് ജനറൽ മസ്ദൂർസംഘം ഓഫിസ് ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ചു തകർക്കുന്നു. ചിത്രം: മനോരമ

പാലക്കാട്ടു സിപിഐ ജില്ലാ കമ്മിറ്റി ഓഫിസ് അടിച്ചുതകർത്തു. ഡിവൈഎഫ്ഐ, കെ എസ്ടിഎ ജില്ലാ കമ്മിറ്റി ഓഫിസുകൾക്കും വിക്ടോറിയ കോളജ് ഹോസ്റ്റലിനും നേരെ കല്ലെറിഞ്ഞു. മലപ്പുറം തവനൂരിലെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസ‌ിനും ആലപ്പുഴ തുറവൂരിലെ സിഐടിയു ഓഫിസ് ഷെഡിനും തീവച്ചു. എറണാകുളം ആലങ്ങാട് ഏരിയ കമ്മിറ്റി ഓഫിസിന്റെയും കൊല്ലം പടിഞ്ഞാറെ കല്ലട ലോക്കൽ കമ്മിറ്റി ഓഫിസിന്റെയും ജനൽച്ചില്ലുകൾ തകർത്തു. 

34 പൊലീസുകാർ ആക്രമിക്കപ്പെട്ടതായി സർക്കാർ അറിയിച്ചു. പത്തനംതിട്ടയിലെ പുല്ലാട്ട് കർമസമിതി പ്രകടനത്തിനിടെ എ എസ്‌ഐ കവിരാജിന്റെ കൈ തല്ലിയൊടിച്ചു. മറ്റ് 5 പൊലീസുകാരും ആശുപത്രിയിലാണ്. 

protester-caught കോഴിക്കോട് മിഠായിത്തെരുവിൽ കടകൾക്കു നേരെയുണ്ടായ അക്രമങ്ങളെത്തുടർന്ന്, ഹർത്താൽ അനുകൂലിയെ വ്യാപാരികൾ പിടികൂടി പൊലീസിനു കൈമാറുന്നു.

സംസ്ഥാനമാകെ 628 പേർ കരുതൽ തടങ്കലിലാണ്. 559 കേസുകൾ റജിസ്റ്റർ ചെയ്തു. അക്രമക്കേസുകൾ കൈകാര്യം ചെയ്യാൻ പൊലീസ് 'ബ്രോക്കൺ വിൻഡോ’ പദ്ധതി പ്രഖ്യാപിച്ചു. ചെന്നൈ കെ‍ടിഡിസി ഹോട്ടലിനെതിരെ നടന്ന ആക്രമണത്തിൽ ഹിന്ദുമുന്നണി നേതാവ് പാർഥസാരഥിയെ അറസ്റ്റ് ചെയ്തു.

കോടതി വിധി പാലിക്കുന്നില്ലെങ്കിൽ തന്ത്രി സ്വയം ഒഴിയണം

‘‘സുപ്രീം കോടതി വിധി അനുസരിച്ചു കാര്യങ്ങൾ നടത്താൻ വയ്യെങ്കിൽ ശബരിമല തന്ത്രി സ്വയം ഒഴിഞ്ഞു പോകണം. സുപ്രീം കോടതിയിലെ കേസിൽ തന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡും കക്ഷികളായിരുന്നു. തന്ത്രിയുടെ കൂടി വാദം കേട്ട ശേഷമാണു കോടതി വിധി പറഞ്ഞത്. കക്ഷി ആയിരുന്നതിനാൽ വിധി നടപ്പാക്കാൻ അദ്ദേഹം ബാധ്യസ്ഥനാണ്. ആചാരലംഘനത്തിന്റെ പേരിൽ ക്ഷേത്രം അടച്ചിട്ട തന്ത്രിയുടെ നിലപാട് സുപ്രീം കോടതി വിധിയുടെ ലംഘനമാണ്. താന്ത്രികവിധി അറിയാവുന്ന തന്ത്രി ആ സ്ഥാനത്തിനു യോഗ്യനല്ലെന്നു ഞാൻ പറയില്ല. സുപ്രീം കോടതി വിധി നടപ്പാക്കാതിരിക്കാൻ പക്ഷേ, ഒരു പൗരനും സാധിക്കില്ല. അതനുസരിച്ച് അദ്ദേഹത്തിനു തുടരാനാവില്ല’’ - പിണറായി വിജയൻ (മുഖ്യമന്ത്രി)

മാധ്യമങ്ങൾക്ക് നേരെ വ്യാപക ആക്രമണം

ഹർത്താലിൽ  മാധ്യമപ്രവർത്തകർക്കു നേരെ ആക്രമണം. ബുധനാഴ്ചയും പ്രകടനങ്ങൾ നടന്നപ്പോൾ മാധ്യമപ്രവർത്തകരെ ആക്രമിച്ചിരുന്നു. അത് ഇന്നലെയും തുടർന്നു.

∙ തിരുവനന്തപുരത്ത് ബിജെപി – യുവമോർച്ച സെക്രട്ടേറിയറ്റ് മാർച്ചിനിടെ മനോരമ ന്യൂസ് ക്യാമറാമാൻ ജയൻ കല്ലുമല, ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാൻ ബൈജു പി.മാത്യു എന്നിവരെ വളഞ്ഞിട്ടു മർദിച്ചു. ബുധനാഴ്ച ബിജെപി പ്രകടനത്തിനിടെ 2 വനിതകൾ ഉൾപ്പെടെ 5 മാധ്യമപ്രവർത്തകരെയാണ് ആക്രമിച്ചത്.

∙ കൊല്ലം ചിന്നക്കടയിൽ ബിജെപി – ആർഎസ്എസ് പ്രകടനത്തിനിടെ കല്ലേറിൽ തലയ്ക്കു പരുക്കേറ്റ മംഗളം ഫൊട്ടോഗ്രഫർ ജയമോഹൻ തമ്പിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനയുഗം ഫൊട്ടോഗ്രഫർ സുരേഷ് ചൈത്രത്തെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. മറ്റു മാധ്യമപ്രവർത്തകരെയും ഭീഷണിപ്പെടുത്തി ദൃശ്യങ്ങൾ പകർത്തുന്നതു വിലക്കി.

ബുധനാഴ്ച രാമൻകുളങ്ങരയിൽ ‘മനോരമ’ ഫൊട്ടോഗ്രഫർ വിഷ്ണു വി. സനലിനെ കയ്യേറ്റം ചെയ്തിരുന്നു. ക്യാമറ പിടിച്ചുവലിച്ച് ലെൻസ് വലിച്ചെറിഞ്ഞു. ബുധനാഴ്ച ബിഷപ് ജെറോം നഗറിൽ ‘മീഡിയ വൺ’ ക്യാമറാമാൻ ബിജുഖാനെയും ചിന്നക്കടയിൽ കേരള കൗമുദി ഫൊട്ടോഗ്രഫർ എം. എസ്. ശ്രീധർലാലിനെയും കയ്യേറ്റം ചെയ്തു.

∙ തൃശൂർ പുതുക്കാട് മനോരമ വാർത്താ പ്രതിനിധി എ.ജെ. ജാക്‌സന്റെ ക്യാമറ തല്ലിത്തകർത്തു. ചാനൽ ക്യാമറാമാൻമാർക്കെതിരെ കയ്യേറ്റം നടന്നു. തൃശൂർ ടൗണിൽ മാധ്യമം ഫൊട്ടോഗ്രാഫർ ജോൺസൺ വി.ചിറയത്തിനു നേരെ കയ്യേറ്റമുണ്ടായി. 

∙ പാലക്കാട് ന്യൂസ് 18 റിപ്പോർട്ടർ പ്രസാദ് ഉടുമ്പിശ്ശേരിക്കും ദേശാഭിമാനി ഫൊട്ടോഗ്രഫർ വി.പി. സുജിത്തിനും കല്ലേറിനിടെ പരുക്കേറ്റു.

∙ ഡൽഹി കേരള ഹൗസിനു സമീപം സംഘർഷത്തിനിടെ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി. മുകേഷ്, ന്യൂസ് 18 ക്യാമറാമാൻമാരായ അരുൺ, കെ.പി. ധനേഷ്, രാമരാജൻ, ന്യൂസ് 24 ക്യാമറാമാൻ പി.എസ്. അരുൺ എന്നിവർക്കു മർദനം. 

കേരള ഹൗസിനു നേരെ കല്ലെറിഞ്ഞെന്ന സംശയിക്കുന്നയാളെ പൊലീസ് പിടികൂടിയെങ്കിലും സമരക്കാർ ബലംപ്രയോഗിച്ചു മോചിപ്പിച്ചിരുന്നു. ഇതിന്റെ ചിത്രം പകർത്താൻ ശ്രമിക്കുന്നതിനിടെയാണു മാധ്യമപ്രവർത്തകർക്കു മർദനമേറ്റത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.