ചരിത്രം

സാമൂഹ്യചരിത്രം

പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിയാനുള്ള പ്രക്ഷോഭത്തിന്റെ വിവിധഘട്ടങ്ങളുടെ വേലിയേറ്റം രാജ്യത്താകമാനം ദേശീയപ്രസ്ഥാനത്തിലൂടെ കൊടുമ്പിരിക്കൊണ്ടപ്പോള്‍ ഈ കൊച്ചുഗ്രാമവും എളിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ത്യാഗോജ്ജ്വലമായ ഈ പോരാട്ടത്തില്‍ പങ്കെടുത്ത പ്രമുഖവ്യക്തിയായിരുന്നു നെല്ലാച്ചേരി രാമര്‍കുറുപ്പ്. വാര്‍ധയില്‍ ഗാന്ധിജിയുടെ ശിഷ്യനായി വളരെക്കാലം സേവനമനുഷ്ഠിച്ച കുറുപ്പ് പയ്യന്നൂരില്‍ കേരളഗാന്ധി കെ.കേളപ്പന്റെ നേതൃത്വത്തില്‍ നടന്ന ഉപ്പുസത്യാഗ്രഹത്തിലും പങ്കെടുത്തിരുന്നു. വാര്‍ധയില്‍ ഗാന്ധിശിഷ്യനായിരുന്ന ഇദ്ദേഹം, തലയില്‍ തൊപ്പിക്കുടയും, കൈയില്‍ ചര്‍ക്കയും, തക്ളിയുമേന്തി അര്‍ദ്ധനഗ്നനായി ഈ ഗ്രാമത്തില്‍ ദേശീയപ്രസ്ഥാനത്തിന്റെ പ്രചാരണം നടത്തിയിരുന്ന ചിത്രം ഇന്നും പഴമക്കാരുടെ മനസ്സില്‍ മങ്ങാതെ, മായാതെ തെളിഞ്ഞുനില്‍പ്പുണ്ട്. ദേശീയപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഈ പഞ്ചായത്തില്‍ നിന്നും പങ്കെടുത്തവരുടെ കൂട്ടത്തില്‍ മുടപ്പിലാവിലെ വാകയാട്ട് നാരായണന്‍ നമ്പ്യാര്‍, പതിയാരക്കരയിലെ ടി.കെ.നാരായണന്‍ നമ്പ്യാര്‍, എ.നാരായണന്‍ അടിയോടി (മുടപ്പിലാവില്‍), തത്തങ്കോട്ട് കുഞ്ഞപ്പ ആശാരി എന്നിവരുമുണ്ട്. കേരളത്തിലെ സാമൂഹ്യ സാംസ്കാരിക മണ്ഡലത്തില്‍ പരിവര്‍ത്തനത്തിന്റെ പടഹധ്വനി മുഴക്കിയ അയിത്തോച്ചാടന പ്രസ്ഥാനത്തിന്റെ അലയൊലികള്‍ ഈ പഞ്ചായത്തിലുമുണ്ടായിട്ടുണ്ട്. 1931-1932 കാലഘട്ടത്തില്‍ ഗാന്ധിജിയുടെ ആഹ്വാനപ്രകാരം നടന്ന ജന്തുഹിംസാ വിരുദ്ധ സമരത്തിന്റെ ഭാഗമായി, മണിയൂര്‍ ഭഗവതിക്ഷേത്രത്തില്‍ നടന്ന സമരം ചരിത്രത്തില്‍ സ്ഥാനം പിടിച്ചതാണ്. 1927-ല്‍ പഞ്ചായത്തിലെ ചെരണ്ടത്തൂരില്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനം നടന്നു. ഇ.കെ.ശങ്കരവര്‍മ്മ രാജ(പുറമേരി)യായിരുന്നു മുഖ്യ പ്രാസംഗികന്‍. 1942-ല്‍ കരുവഞ്ചരിയിലെ പന്നിത്തടത്തില്‍ (ഇന്ന് ഹൈസ്കൂള്‍ നില്‍ക്കുന്ന സ്ഥലം) നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ കേരളഗാന്ധി കെ.കേളപ്പന്‍ പങ്കെടുത്തിരുന്നു. കണ്ണെത്താദൂരത്തോളം നീണ്ടുകിടന്നിരുന്ന നെല്‍പ്പാടങ്ങള്‍ സ്വന്തമാക്കാന്‍ വിദൂരതയില്‍ നിന്നുപോലും മേല്‍ക്കോയ്മകള്‍ മണിയൂരിലെത്തിയിരുന്നു എന്നതിന് തെളിവാണ് തൃച്ചംബരം ദേവസ്വത്തിന്റെ ജന്മാവകാശം. 1940-കളുടെ പകുതി വരെ നിറഞ്ഞു നിന്നിരുന്ന നെല്‍പ്പാടങ്ങള്‍ ഇന്ന് ഒരോര്‍മ്മ മാത്രമാണ്. പഴയകാലത്ത് ജനങ്ങളുടെ മുഖ്യജീവിതോപാധി കൃഷി മാത്രമായിരുന്നു. കൂടുതല്‍ ശ്രദ്ധയും പരിചരണവും നല്‍കിയിരുന്നത് നെല്‍കൃഷിക്കായിരുന്നു. മണിയൂര്‍ പഞ്ചായത്തിലെ വിദ്യാഭ്യാസമേഖലയ്ക്ക് നൂറിലേറെ വര്‍ഷത്തെ പഴക്കമുണ്ട്. വിദ്യാഭ്യാസം സാര്‍വ്വത്രികമായി തുടങ്ങിയ ആധുനികകാലത്തിനും വളരെ മുമ്പുതന്നെ ഈ പഞ്ചായത്ത് അക്ഷരത്തിന്റെയും അറിവിന്റെയും മേഖലയിലേക്ക് കാലെടുത്തുവെച്ചിരുന്നു. പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയം മന്തരത്തൂര്‍ യു.പി.സ്ക്കൂളാണ്. നൂറിലേറെ വര്‍ഷം പഴക്കമുണ്ട് ഈ സ്ഥാപനത്തിന്. പടയോട്ടകാലത്ത് ഈ പഞ്ചായത്തിലെ എളമ്പിലാട് പ്രദേശത്ത് ഒരു ക്ഷേത്രം തകര്‍ക്കുവാന്‍ ടിപ്പുവിന്റെ പട വന്നപ്പോള്‍, ഇവിടുത്തെ മുസ്ളീങ്ങള്‍ ക്ഷേത്രം സംരക്ഷിക്കുവാന്‍ വേണ്ടി ക്ഷേത്രത്തിനകത്ത് കയറി വാങ്ക് വിളിക്കുകയുണ്ടായെന്നും, അതിന്റെ ഫലമായി അക്രമത്തിനു വന്ന പടയാളികള്‍, ക്ഷേത്രം പള്ളിയാണെന്ന് തെറ്റിദ്ധരിച്ച് അക്രമിക്കാതെ തിരിച്ചുപോയിയെന്നും ഒരു ഐതിഹ്യം നിലവിലുണ്ട്. ഈ സംഭവം പഞ്ചായത്തിലെ മതസൌഹാര്‍ദ്ദപാരമ്പര്യത്തിന്റെ ദൃഷ്ടാന്തമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നാടുവാഴിത്ത വ്യവസ്ഥയെ എതിര്‍ത്തുകൊണ്ട് ദേശീയപ്രസ്ഥാനം മണിയൂരിലും ശക്തിപ്പെടുകയുണ്ടായി. കേരളഗാന്ധിയെന്നറിയപ്പെടുന്ന കെ.കേളപ്പന്റെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചുകൊണ്ട് നെല്ലാച്ചേരി രാമര്‍കുറുപ്പ്, വാകയാട്ട് നാരായണന്‍ നമ്പ്യാര്‍, മീത്തലെ കോമത്ത് നാരായണന്‍ നമ്പ്യാര്‍ എന്നിവര്‍ പഞ്ചായത്തില്‍ ദേശീയപ്രസ്ഥാനത്തിനു നേതൃത്വം കൊടുത്തു. 1930-ല്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന ഉപ്പു സത്യാഗ്രഹത്തിന്റെ ആവേശം ഉള്‍ക്കൊണ്ടുകൊണ്ട് പാലയാട് നടയിലും ഉപ്പു കുറുക്കല്‍ സമരം നടത്തുകയുണ്ടായി. 1970-കള്‍ക്കു ശേഷം റോഡുഗതാഗതമേഖലയില്‍ വളരെയേറെ സൌകര്യങ്ങള്‍ മണിയൂര്‍ പഞ്ചായത്തില്‍ ഉണ്ടായിട്ടുണ്ട്. ഭൂമിശാസ്ത്രപരമായി കുന്നുകളും മലമടക്കുകളും നിരന്നുകിടക്കുന്ന പ്രദേശമായതിനാല്‍ പ്രത്യക്ഷത്തില്‍ അതിന്റെ പ്രയാസങ്ങള്‍ അനുഭവിക്കുന്ന ജനങ്ങള്‍ എന്ന നിലയില്‍ അവരുടെ സംഘടിതമായ സന്നദ്ധപ്രവര്‍ത്തനങ്ങളിലൂടെ രൂപപ്പെടുത്തിയെടുത്തതാണ് നിലവിലുള്ള ഏതാണ്ട് മുഴുവന്‍ റോഡുകളും. ഈ പ്രവര്‍ത്തനത്തില്‍ സന്നദ്ധ സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും മുന്‍കാലങ്ങളില്‍ മത്സരത്തോടെതന്നെ പങ്കെടുത്തിട്ടുണ്ട്. അങ്ങനെ ഉണ്ടാക്കിയ റോഡുകളാണ് സര്‍ക്കാരിന്റേയും പഞ്ചായത്തിന്റേയും ധനസഹായത്തിലൂടെ പില്‍ക്കാലത്ത് നവീകരിച്ചത്. പഞ്ചായത്തില്‍ ആദ്യമായി ബസ് ഗതാഗതം തുടങ്ങിയത് 1972 ജനുവരി 26-നാണ്. തോടന്നൂര്‍-ചെരണ്ടത്തൂര്‍ റൂട്ടിലാണ് ആദ്യമായി ബസ്സോടിയത്. മുന്‍കാലങ്ങളില്‍ കുറ്റ്യാടിപ്പുഴയില്‍ ബോട്ടുഗതാഗതവും നിലവിലുണ്ടായിരുന്നു.

വിദ്യാഭ്യാസചരിത്രം

മണിയൂര്‍ പഞ്ചായത്തിലെ വിദ്യാഭ്യാസമേഖലയ്ക്ക് നൂറിലേറെ വര്‍ഷത്തെ പഴക്കമുണ്ട്. വിദ്യാഭ്യാസം സാര്‍വ്വത്രികമായിമാറിയ ആധുനിക കാലത്തിനും വളരെ മുമ്പുതന്നെ ഈ പഞ്ചായത്ത് അക്ഷരത്തിന്റെയും അറിവിന്റെയും മേഖലയിലേക്ക് കാലെടുത്തു വെച്ചിരുന്നു. നിലത്തെഴുത്തിന്റെയും കുടിപ്പള്ളിക്കൂടങ്ങളുടെയും കാലഘട്ടം, കേരളത്തിലെ മറ്റേതൊരു ജനവാസ മേഖലയിലുമെന്നപോലെ മണിയൂര്‍ പഞ്ചായത്തിലും സജീവമായിരുന്നു. വിദ്യാദാനം കുലത്തൊഴിലായിരുന്ന ഒരു ചെറിയ വിഭാഗം ഇവിടെയുമുണ്ടായിരുന്നു. പുരാണഭ്യസനവും, സംസ്കൃത പഠനവും അക്കാലത്തെ വിദ്യാഭ്യാസരീതിയുടെ അടിസ്ഥാനമായിരുന്നു. ദേശീയപ്രസ്ഥാനം ശക്തിപ്രാപിച്ച ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യകാലത്തിനും വളരെ മുമ്പുതന്നെ പൊതു വിദ്യാഭ്യാസസ്ഥാപനം ആരംഭിച്ച ചരിത്രം ഈ പഞ്ചായത്തിലുണ്ട്. 19-ാം നൂറ്റാണ്ടിന്റെ അവസാനം തുടങ്ങിയ വിദ്യാലയങ്ങളും ഇവിടെയുണ്ട്. പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയം മന്തരത്തൂര്‍ യു.പി.സ്കൂളാണ്. നൂറിലേറെ വര്‍ഷം പഴക്കമുണ്ട് ഈ സ്ഥാപനത്തിന്. പഞ്ചായത്തിലെ ആദ്യത്തെ പ്രാഥമിക വിദ്യാലയമായ ഈ സ്ഥാപനം പ്രവേശനത്തിന്റെ കാര്യത്തിലും ഉദാരമായ സമീപനം സ്വീകരിച്ചിരുന്നു എന്ന് രേഖകളില്‍ നിന്നു മനസിലാക്കാം. 1880-ല്‍ തുടങ്ങിയ പാലയാട് എല്‍.പി.സ്കൂളാണ് രണ്ടാമതായി ആരംഭിച്ച പ്രാഥമികവിദ്യാലയം. മറ്റു പ്രൈമറി വിദ്യാലയങ്ങള്‍ക്കെല്ലാം അമ്പതു മുതല്‍ നൂറിലധികം വര്‍ഷങ്ങള്‍ വരെ പഴക്കമുണ്ട്. പഞ്ചായത്ത് സെക്കന്ററി സ്ക്കൂള്‍ സ്ഥാപിച്ചത് 1966-ലാണ്. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കാലത്തു തുടങ്ങിയ ഒട്ടേറെ പ്രാഥമിക വിദ്യാലയങ്ങളുമുണ്ട്. പ്രാഥമികവിദ്യാലയങ്ങളെ പലതും അപ്ഗ്രേഡ് ചെയ്തത് 1955-1959 കാലത്തിലാണ്. ന്യൂനപക്ഷ സമുദായങ്ങളും പട്ടികജാതി പിന്നോക്കസമുദായങ്ങളും വിദ്യാഭ്യാസമേഖലയിലേക്ക് കടന്നുവരാന്‍ വിദ്യാലയങ്ങളുടെ ഈ സാര്‍വ്വത്രികവല്‍ക്കരണം സഹായിച്ചു. ഉയര്‍ന്ന സാമൂഹ്യബോധം പ്രകടിപ്പിച്ചിരുന്ന സമൂഹത്തിലെ ചില നല്ല മനുഷ്യരായിരുന്നു വിദ്യാലയങ്ങള്‍ സ്ഥാപിക്കാന്‍ മുന്നാട്ടുവന്നത്. അവര്‍ ചെയ്തത് ഉന്നതമായ ചില മൂല്യങ്ങളെ ആദരിക്കലായിരുന്നു. തൊട്ടുകൂടായ്മ പോലും നിലനിന്നിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു സമുദായത്തിന്റെ എല്ലാവിഭാഗം ആളുകള്‍ക്കും വിദ്യാലയപ്രവേശനം അനുവദിച്ചത് എന്നത് വിസ്മരിക്കാനാവാത്തൊരു വസ്തുതയാണ്.

സാംസ്കാരികചരിത്രം

ഉല്‍കൃഷ്ടമായ ഒരു സാംസ്കാരിക പാരമ്പര്യം പുലര്‍ത്തിപ്പോന്ന പഞ്ചായത്താണ് മണിയൂര്‍. രാജഭരണത്തിന്റെയും ഫ്യൂഡല്‍ ഭൂപ്രഭുവര്‍ഗ്ഗത്തിന്റെയും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെയും തേര്‍വാഴ്ചയുടെ തിക്തഫലങ്ങള്‍ ഏറെ അനുഭവിച്ചവരാണ് ഇവിടുത്തെ സാധാരണജനങ്ങള്‍. ഉറുമിത്തലപ്പുകൊണ്ട് വീരേതിഹാസങ്ങള്‍ രചിച്ച കടത്തനാട്ടിലെ യോദ്ധാക്കളുടെ പാരമ്പര്യം കൈമാറിക്കിട്ടിയവര്‍ ഈ പഞ്ചായത്തിലുമുണ്ടായിരുന്നു. എളമ്പിലാട് ഇന്നും നിലനില്‍ക്കുന്ന കണ്ണമ്പത്ത് തറവാട്ടില്‍ തച്ചോളി ഒതേനന്‍ വന്നിരുന്നുവെന്ന് വടക്കന്‍പാട്ടില്‍ പരാമര്‍ശിക്കുന്നു. പടയോട്ടകാലത്ത് ഈ പഞ്ചായത്തിലെ എളമ്പിലാട് പ്രദേശത്ത് ഒരു ക്ഷേത്രം തകര്‍ക്കുവാന്‍ ടിപ്പുവിന്റെ പട വന്നപ്പോള്‍, ഇവിടുത്തെ മുസ്ളീങ്ങള്‍ ക്ഷേത്രം സംരക്ഷിക്കുവാന്‍ വേണ്ടി ക്ഷേത്രത്തിനകത്ത് കയറി വാങ്ക് വിളിക്കുകയുണ്ടായെന്നും, അതിന്റെ ഫലമായി അക്രമത്തിനു വന്ന പടയാളികള്‍, ക്ഷേത്രം പള്ളിയാണെന്ന് തെറ്റിദ്ധരിച്ച് അക്രമിക്കാതെ തിരിച്ചുപോയിയെന്നും ഒരു ഐതിഹ്യം നിലവിലുണ്ട്. ഈ സംഭവം പഞ്ചായത്തിലെ മതസൌഹാര്‍ദ്ദപാരമ്പര്യത്തിന്റെ ദൃഷ്ടാന്തമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പഞ്ചായത്തിലെ പ്രധാന രണ്ട് മതവിഭാഗങ്ങള്‍ ഹിന്ദുക്കളും മുസ്ളീങ്ങളുമാണ്. 1952-ല്‍ സ്ഥാപിച്ച പതിയാരക്കരയിലെ ജ്ഞാനോദയ കലാസമിതിയാണ് പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള സാംസ്കാരികകേന്ദ്രം. 1953-ല്‍ കുരുന്തോടിയില്‍ വളരെ വിപുലമായതോതില്‍ ഹൈന്ദവ സാംസ്കാരിക സമ്മേളനം നടന്നു. ആ കാലയളവില്‍ പഞ്ചായത്തില്‍ ഒരു സാംസ്കാരിക മുന്നറ്റം തന്നെ നടക്കുകയുണ്ടായി. വിദ്യാലയങ്ങളാണ് ഒരുകാലത്ത് പ്രധാന സാംസ്കാരികസ്രോതസ്സായി വര്‍ത്തിച്ചത്. പഞ്ചായത്തിലെ ആദ്യത്തെ ഔപചാരിക വിദ്യാഭ്യാസ സ്ഥാപനം മന്തരത്തൂര്‍ യു.പി.സ്കൂളാണ്. തെയ്യങ്ങളുടെയും, തിറകളുടെയും, വോളിബോളിന്റെയും നാടായ മണിയൂരില്‍ മതസൌഹാര്‍ദ്ദവും, സാഹോദര്യവും എക്കാലവും നിലനിന്നിരുന്നു എന്നത് അഭിമാനകരമാണ്.