കൊച്ചി: ഗ്ലോബല്‍ ഇനിഷ്യേറ്റീവ് ഫോര്‍ എക്‌സലന്‍സ് (ജി.ഐ.ഇ.) സംഘടിപ്പിക്കുന്ന ഈസ്റ്റേണ്‍ ചെമ്മീന്‍ രാജ്യാന്തര ഹ്രസ്വചിത്ര പുരസ്‌കാരത്തിന് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചു. ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കാളികളാകുകയും ചെയ്യും. മികച്ച ചിത്രത്തിന് ഒരു ലക്ഷം രൂപ സമ്മാനമായി നല്‍കും. ഫോക്കസ് കാറ്റഗറിയില്‍ ട്രാന്‍സ്‌ജെന്റര്‍ ചിത്രങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മികച്ച ചിത്രം, നടന്‍/നടി, സംവിധായകന്‍, ചിത്രസംയോജകന്‍, തിരക്കഥ, ജനപ്രിയ ചിത്രം എന്നീ വിഭാഗങ്ങളിലും പുരസ്‌കാരങ്ങളുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഓഡിയന്‍സ് പോളിലൂടെയായിരിക്കും ജനപ്രിയ ചിത്രം തിരഞ്ഞെടുക്കുക. വിജയിക്കുന്ന സംവിധായകന് ജൂറി അംഗങ്ങളിലൊരാളുടെ അടുത്ത ചിത്രത്തില്‍ സഹായി ആകാന്‍ അവസരം ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.
മത്സരാര്‍ഥികള്‍ ഓണ്‍ലൈന്‍ വഴിയാണ് സൃഷ്ടികള്‍ സമര്‍പ്പിക്കേണ്ടത്. ഒരു സൃഷ്ടിക്ക് 1000 രൂപ വീതം പ്രവേശന ഫീസ് നല്‍കണം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് ഒന്‍പത്.