sivadasanപന്തളം: ശബരിമല ദർശനത്തിനുപോയി കാണാതായയാളുടെ മൃതദേഹം നിലയ്ക്കലിനടുത്തുള്ള കമ്പകത്തുംവളവിന് സമീപം കണ്ടെത്തി. ലോട്ടറി വ്യാപാരിയായ പന്തളം മുളമ്പുഴ ശരത് ഭവനിൽ ശിവദാസന്റെ(60) മൃതദേഹവും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറുമാണ് വ്യാഴാഴ്ച വൈകീട്ട് റോഡിനുസമീപമുള്ള താഴ്ചയിൽ കണ്ടെത്തിയത്.

ഒക്ടോബർ 18-ന് രാവിലെ സ്കൂട്ടറിൽ ശബരിമലയിലേക്ക് പോയതായി ബന്ധുക്കൾ പരാതിയിൽ പറയുന്നു. എല്ലാ മലയാളമാസവും ഒന്നാംതീയതി ശബരിമലയ്ക്ക്‌ പോകാറുള്ളതാണെന്നും അവർ പറഞ്ഞു. മടങ്ങിയെത്താതിരുന്നതിനെത്തുടർന്ന് 21-ന് പമ്പ, പെരുനാട്, നിലയ്ക്കൽ പോലീസ് സ്‌റ്റേഷനുകളിലും 24-ന് പന്തളം പോലീസ് സ്‌റ്റേഷനിലും പരാതി നൽകി.

മൃതദേഹം വെള്ളിയാഴ്ച രാവിലെ പുറത്തെടുക്കും. ഭാര്യ: ലളിത. മകൻ: ശരത്‌.

ശിവദാസൻ മരിച്ചത് നിലയ്ക്കലിലെ പോലീസ് നടപടികൾക്കിടെയാണെന്നും മരണവിവരം ഉദ്യോഗസ്ഥർ മറച്ചുവെയ്ക്കുകയായിരുന്നെന്നും ശബരിമല കർമസമിതി ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് പത്തനംതിട്ട ജില്ലയിൽ സംഘപരിവാർ സംഘടനകൾ വെള്ളിയാഴ്ച രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ ഹർത്താൽ പ്രഖ്യാപിച്ചു.

എന്നാൽ, പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. 18-ന് ശബരിമല ദർശനം പൂർത്തിയാക്കിയശേഷം ശിവദാസൻ വീട്ടിലേക്ക് ഫോണിൽ ബന്ധപ്പെട്ടിരുന്നതായി വിവരമുണ്ട്. മറ്റ് കാര്യങ്ങൾ മൃതദേഹം പുറത്തെടുത്ത ശേഷം വ്യക്തമാകുമെന്നും അദ്ദേഹം അറിയിച്ചു.